ദുബൈയുടെ യാത്രകൾക്ക് പുതിയ ശൈലി സമ്മാനിച്ച ദുബായ് മെട്രോ യിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കവിഞ്ഞു. 2009 മുതൽ കഴിഞ്ഞ ദിവസം വരെ യാത്ര ചെയ്തവരുടെ എണ്ണമാണ് 200 കോടിയിലെത്തിയത്.
53 സ്റ്റേഷനുകൾക്കിടയിൽ 129 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തിവരുന്നത്. 99.7% കൃത്യതയോടെ ഓടുന്ന ദുബായ് മെട്രോയെ ദിനംപ്രതി നിരവധി ആളുകളാണ് ആശ്രയിക്കുന്നത്. ഓരോ ദിവസവും 6 ലക്ഷം ആളുകൾ മെട്രോയിൽ യാത്ര ചെയ്യുന്നു എന്നാണ് രേഖപ്പെടുത്തുന്ന കണക്കുകൾ.
മെട്രോ ട്രെയിനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റെഡ് , ഗ്രീൻ ലൈനുകളിലൂടെ യാത്ര ചെയ്താൽ തന്നെ ദുബായ് നഗരത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളും കാണാനാകും. ആയതിനാൽ ദുബായിലെത്തുന്ന വിനോദ സഞ്ചാരികളും ധാരാളമായി മെട്രോ സർവീസ് ഉപയോഗപ്പെടുത്താറുണ്ട്.
2009 ലായിരുന്നു ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ യാത്രയ്ക്ക് ദുബായ് പച്ചക്കൊടി കാണിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ദുബായിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു ദുബായ് മെട്രോ പദ്ധതി. നൽകിയ വാഗ്ദാനം നടപ്പിലാക്കാൻ സാധിച്ചതിൽ താൻ സന്തുഷ്ടനാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.