സുരക്ഷാകാരണങ്ങൾ മുൻനിർത്തി യാത്രക്കാർക്കുള്ള മുന്നറിയിപ്പുമായി വീണ്ടും ദുബായ് വിമാനത്താവളം അധികൃതർ. യാത്രക്കാർ അവരുടെ ചെക്ക്-ഇൻ ലഗേജിൽ സ്പെയർ ബാറ്ററികളോ പവർ ബാങ്കുകളോ സൂക്ഷിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി.
വിമാനയാത്രയുടെ സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഈ നിർദ്ദേശമെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. മൊബൈൽ ഫോൺ, വാലറ്റ്, വാച്ച് , താക്കോലുകൾ എന്നിവ ഹാൻഡ് ബാഗിൽ സൂക്ഷിക്കാം. ഹാൻഡ് ബാഗിനുള്ളിൽ ദ്രവരൂപത്തിലുള്ള വസ്തുക്കൾ പ്ലാസ്റ്റിക് കവറിൽ അടച്ചുസൂക്ഷിക്കണം. ഓരോ ദ്രാവകത്തിന്റെയും അളവ് 100 മില്ലിയിൽ കൂടാൻ പാടില്ല. മരുന്നുകൾ, കുഞ്ഞുങ്ങൾക്കുള്ള പാൽ തുടങ്ങിയവയ്ക്ക് ഇളവുകൾ നൽകും.
കത്രിക, ചുറ്റിക, ആണികൾ , കയറുകൾ തുടങ്ങിയ വസ്തുക്കൾ ഹാൻഡ് ബാഗിൽ സൂക്ഷിക്കാൻ സാധ്യമല്ല. അതേസമയം, യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റാൾ ചെയ്ത ലിഥിയം ബാറ്ററികൾ ഉള്ള ബാഗേജ് ( നീക്കം ചെയ്യാവുന്ന ബാറ്ററികൾ) ഹാൻഡ് ബാഗിൽ സൂക്ഷിക്കാൻ പാടില്ല. എന്നാൽ ഇവ ബാഗേജുകളിലേക്ക് മാറ്റാം. എന്നാൽ ഇത്തരം ബാറ്ററികളിൽ 0.3 ഗ്രാം ലിഥിയം ലോഹം അടങ്ങിയിരിക്കരുത്, അല്ലെങ്കിൽ ലിഥിയം-അയോൺ 2.7 Wh (Wht-hour) കവിയാൻ പാടില്ല.