ദില്ലി: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന് രാജ്യതലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. ദില്ലി പാലം വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹംദാൻ കേന്ദ്രസർക്കാർ പ്രതിനിധിയായി എത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു.
പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിലത്തി ഹംദാൻ കണ്ടു. ഇന്ത്യ – യുഎഇ ബന്ധം ബലപ്പെടുത്താനുള്ള വിവിധ സാധ്യതകൾ ഇരുനേതാക്കളും ചർച്ച ചെയ്തു. പിന്നീട് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായും ഹംദാൻ കൂടിക്കാഴ്ച നടത്തി.
യുഎഇയുടെ ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി പദവികൾ ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ഷെയ്ഖ് ഹംദാന് ഉച്ചഭക്ഷണം ഒരുക്കിയത്. പ്രതിരോധം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ – യുഎഇ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തിയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുനന്നത്. സന്ദർശനത്തിൻ്റെ രണ്ടാം ദിനം മുംബൈയിൽ എത്തുന്ന ഷെയ്ഖ് ഹംദാൻ ഒരു വ്യവസായ സമ്മേളനത്തിലും പങ്കെടുക്കും.