ദുബൈ കാൻ സംരഭത്തിന്റെ ഭാഗമായി അൽ ഖുദ്രയിൽ പുതിയ കുടിവെള്ള സ്റ്റേഷൻ കൂടി തുറന്നു. സൗജന്യ കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതിയാണ് ദുബൈ കാൻ. സൈക്ലിങ് പാത കടന്ന് പോകുന്ന അൽ ഖുദ്രയിൽ പുതിയ സ്റ്റേഷൻ ആരംഭിച്ചതോടെ കുപ്പികളിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ദുബൈ കിരീടാവകാശി ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഫെബ്രുവരിയിലാണ് ദുബൈ കാൻ പദ്ധതിക്ക് തുടക്കമിട്ടത്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചത്. ഇതിലൂടെ 500 മില്ലി വരുന്ന 10 ലക്ഷത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്.
വിവിധ ഹോട്ടലുകളിലും മാളുകളിലും മറ്റ് ഉല്ലാസ കേന്ദ്രങ്ങളിലും പദ്ധതി വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. വർഷാവസാനത്തോടെ പുതിയ 50 കുടിവെള്ള സ്റ്റേഷനുകൾ കൂടി നിർമിക്കാൻ ആണ് തീരുമാനം. ഇതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 90 ആയി വർദ്ധിക്കും. മലിനീകരണം ഇല്ലാതാക്കുക, പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ സ്റ്റേഷനുകൾ കൂടി നിർമ്മിക്കാനൊരുങ്ങുന്നതെന്ന് സംരംഭവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.