അന്താരാഷ്ട്ര ബോട്ട് ഷോയ്ക്ക് ദുബായ് ഹാർബറിൽ തുടക്കമായി. അഞ്ച് ദിവസത്തെ പ്രദർശനത്തിനായി 250 കോടി ദിർഹം മൂല്യമുള്ള 175ലേറെ ജലയാനങ്ങളാണ് അണിനിരക്കുന്നത്. ആയിരത്തോളം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. 60 രാജ്യങ്ങളിൽ നിന്നുള്ള ബോട്ട് നിർമാതാക്കളും എത്തിയിട്ടുണ്ട്. കണ്ട് ഇഷ്ടപ്പെടുന്നവ സ്വന്തമാക്കാനും അവസരമുണ്ട്. മാർച്ച് 5വരെ മേള തുടരും. പ്രവേശന ഫീസ് 60 ദിർഹമാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
കോടി കണക്കിനു രൂപയുടെ ബോട്ട് ബിസിനസാണ് ഈ സീസണിൽ നടക്കുക. ദുബായ് ടൂറിസത്തിന് യോട്ട്, കറ്റാമരൻസ്, ബോട്ട് യാത്രകൾ ഒഴിവാക്കാൻ കഴിയാത്തതാണ്. ബോട്ടുകളിലും യോട്ടുകളിലും ഉപയോഗിക്കുന്ന എൻജിനുകൾ അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും മേളയുടെ ഭാഗമായുണ്ട്. പുതിയ യോട്ടുകളുടെയും കമ്പനികളുടെയും ഉദ്ഘാടനവും മേളയുടെ ഭാഗമായി നടക്കും.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജർമൻ ബോട്ടും മേളയിലുണ്ട്. ബുഷ് ആൻഡ് നോബിൾ കമ്പനി പൂർണമായും തടിയിൽ തീർത്ത ആഡംബര യോട്ട് വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത് 99.95 ലക്ഷം ഡോളറിനാണ് (80 കോടി രൂപ).