ബെംഗളൂരു: 240 കോടി രൂപ മൂല്യം മതിക്കുന്ന ഓഹരികൾ നാല് മാസം പ്രായമുള്ള ചെറുമകന് സമ്മാനിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. തൻ്റെ നാല് മാസം പ്രായമുള്ള ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തിക്കാണ് 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികൾ അദ്ദേഹം സമ്മാനിച്ചത്.
77-കാരനായ നാരയണ മൂർത്തി ഇൻഫോസിസിൻ്റെ 0.04 ശതമാനം ഓഹരികൾ വെള്ളിയാഴ്ച പേരമകൻ്റെ പേരിലാക്കി മാറ്റിയെന്നാണ് രേഖകളിൽ നിന്നും വ്യക്തമാവുന്നത്. ഓഹരി കൈമാറ്റത്തെ തുടർന്ന് ഇൻഫോസിസിൽ നാരായണമൂർത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തിൽ നിന്നും 0.36 ശതമാനമായി കുറഞ്ഞു.
ഇന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ഇൻഫോസിസ് ഓഹരികൾ ഒന്നിന് 1,602.30 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. അങ്ങനെ നോക്കിയാൽ 2,403,450,000 രൂപ വിലയുള്ള ഓഹരിയുടെ ഉടമയാണ് ഏകാഗ്ര രോഹൻ മൂർത്തി. നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിയുടെയും ഭാര്യ അപർണ കൃഷ്ണൻ്റെയും മകനായി കഴിഞ്ഞ വർഷം നവംബർ 10 ന് ബെംഗളൂരുവിലാണ് ഏകാഗ്ര ജനിച്ചത്. കഴിഞ്ഞയാഴ്ച രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത നാരായണ മൂർത്തിയുടെയും ഭാര്യ സുധാ മൂർത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര.
നാരായണ മൂർത്തിയുടേയും സുധാ മൂർത്തിയുടേയും മകളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിൻ്റെ ഭാര്യയായ അക്ഷത മൂർത്തി. ഇവരുടെ മക്കളാണ് നാരായണ മൂർത്തിയുടെ മറ്റു രണ്ട് പേരക്കുട്ടികൾ. കൃഷ്ണയും അനൗകയും. പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് ഇൻഫോസിസിൽ അക്ഷത മൂർത്തിക്ക് 1.05 ശതമാനം ഓഹരിയുണ്ട്. സുധാ മൂർത്തിക്ക് 0.93 ശതമാനവും രോഹന് 1.64 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവിൽ ടാറ്റാ കൺസൽട്ടൻസി സർവ്വീസ് കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്.