ദുബായ് ഇന്റർനാഷണൽ എയർപ്പോർട്ട് സേവനം തുടങ്ങിയിട്ട് 62 വർഷങ്ങൾ പിന്നിടുന്നു. പ്രായം കൂടുമ്പോളും പ്രൗഡിയോടെ തലയുയർത്തി യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ഒരുക്കുകയാണ് ദുബായ്. 3000 പേരുടെ സാന്നിധ്യത്തിൽ 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ആയിരുന്നു വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ലബനാൻ എയർലൈൻസിന്റെ ‘ മിഡിൽ ഈസ്റ്റ് ‘വിമാനമാണ് കന്നിപ്പറക്കൽ നടത്തിയത്.
ചെറു വിമാനത്താവളത്തിൽ നിന്ന് പിന്നീട് വമ്പനായി ദുബായ് വളർന്നു. നിരീക്ഷണ ടവറോട് കൂടി മൂന്നു നില കെട്ടിടം അന്നത്തെ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം തുറന്നതോടെ സൗകര്യങ്ങൾ വിപുലമായി.1970ൽ യാത്രക്കാരുടെ എണ്ണം 5. 24 ലക്ഷമായി ഉയർന്നു. 1997ൽ ദുബായ് വിമാനത്താവളം വൻകിട വിമാനത്താവളങ്ങളുടെ ക്ലബ്ബിൽ ഇടം പിടിച്ചു. ജനപ്പെരുപ്പം കൊണ്ട് കുതിക്കുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറാമതെത്തി.
പിന്നീട് ഓരോ വർഷവും യാത്രക്കാരുടെ എണ്ണം വർധിച്ചു. 2019 ആയപ്പോഴേക്കും 8,63,90,000 യാത്രക്കാരാണ് എത്തിയത്. യാത്രക്കാരുടെ പെരുപ്പത്തിനനുസൃതമായി സൗകര്യങ്ങളും പുത്തൻ സംവിധാനങ്ങളും വിമാനത്താവളത്തിൽ സജ്ജീകരിച്ചു. 2023 ആകുമ്പോഴേക്കും 11.8 കോടി യാത്രക്കാരെ സ്വീകരിക്കാൻ സജ്ജമാവുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. ലോകത്തിലെ മികച്ച സേവനം നൽകുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ മുന്നിലാണ് ഇന്ന് ദുബായ് എയർപോർട്ട്.