മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി വിളിച്ചുണര്‍ത്തി ലോക്കോ പൈലറ്റ്. അച്ചന് കോവില്‍ ചെമ്പനരുവി നിരവില്‍ പുത്തന്‍വീട്ടില്‍ റെജിയെ ആണ് ലോക്കോ പൈലറ്റ് വിളിച്ചുണര്‍ത്തി രക്ഷിച്ചത്.
കൊല്ലം- ചെങ്കോട്ട പാതയില്‍ എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ കിടന്നാണ് യുവാവ് ഉറങ്ങിയത്. കൊല്ലത്ത് നിന്ന് പുനലൂരിലേക്കുള്ള മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ചീരങ്കാവ് ഇഎസ്ഐ ആശുപത്രിക്ക് സമീപത്തെ ട്രാക്കില്‍ യുവാവ് കിടക്കുന്നത് കണ്ടത്. വേഗത കുറവായതിനാല്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ട്രാക്കില്‍ നിന്ന് പിടിച്ചു മാറ്റുകയായിരുന്നു.
ഇയാളെ ഏഴുകോണ് പൊലീസിന് കൈമാറി. പൊലീസ് നിര്‍ദേശ പ്രകാരം ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോയി. യുവാവ് മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മഴയും കാറ്റും ശക്തമായിരുന്നു. ഇതിനാല്‍ റെയില്‍ പാളത്തിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണിരുന്നു. ഈ സാഹചര്യത്തില്‍ ട്രെയിന്‍ വേഗത കുറച്ചു പോകാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിനാലാണ് ട്രാക്കില്‍ കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താനായത്.
ഏഴുകോണില്‍ ജൂണ്‍ ആദ്യം സമാനമായ സംഭവം നടന്നിരുന്നു. ട്രാക്കില്‍ മൃതദേഹം കിടക്കുന്നുവെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പ് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് മദ്യലഹരിയില്‍ കിടക്കുന്ന യുവാവിനെ ആണ് കണ്ടത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.