യുഎഇ യിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ (കോപ്28) യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പങ്കെടുക്കും. കാലാവസ്ഥ വ്യതിയാന വിഷയത്തിലെ യുഎഇയുടെ പ്രത്യേക പ്രതിനിധിയും ഉച്ചകോടിയുടെ നിയുക്ത പ്രസിഡന്റുമായ ഡോ. സുൽത്താൻ അൽ ജാബിർ യുഎൻ തലവനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
‘കോപ്28’ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡോ. സുൽത്താൻ അൽ ജാബിർ അമേരിക്കയിൽ സന്ദർശനം നടത്തവേയാണ് അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തിയത്. കൂടാതെ യുഎസ് പ്രസിഡന്റിന്റെ പ്രത്യേക കാലാവസ്ഥ പ്രതിനിധി ജോൺ കെറിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കാലാവസ്ഥ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
അതേസമയം ആഗോള താപനില കുറയ്ക്കാനുള്ള ശ്രമങ്ങളെ ലോകം ഗൗരവമായി കാണുന്നില്ലെന്ന പൊതു വികാരം ഇരുവരും പങ്കുവെച്ചു. കൂടാതെ കാർബൺ കൂടുതലായി പുറന്തള്ളുന്ന പ്രധാന രാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ശരിയായ ദിശയിൽ സഞ്ചരിക്കേണ്ടത് അനിവാര്യമാണെന്നും ഗുട്ടറസ് ചൂണ്ടിക്കാട്ടി. കൂടാതെ ദുബായ് എക്സ്പോ സിറ്റിയിൽ ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാമെന്ന ഉറപ്പും അദ്ദേഹം നൽകി.