ഭൂകമ്പം താളം തെറ്റിച്ച തുർക്കിക്കും സിറിയയ്ക്കും ആശ്വാസവുമായി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ രംഗത്ത്. രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും പിന്തുണ നൽകാനായി അഞ്ച് മില്യൺ ദിർഹം (ഏകദേശം 11 കോടി ഇന്ത്യൻ രൂപ) ധനസഹായം ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുള്ള എമിറേറ്റ്സ് റെഡ് ക്രസന്റിന് അദ്ദേഹം സഹായം കൈമാറി.
മരുന്നുകൾ ഉൾപ്പെടെയുള്ള അടിയന്തിരസഹായങ്ങൾ എത്തിക്കാൻ ആദ്യഘട്ടത്തിൽ റെഡ് ക്രസന്റ് സഹായം ഉപയോഗിക്കും. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും വീട് നഷ്ടമായവരെ മാറ്റിപ്പാർപ്പിക്കാനുമുള്ള പ്രവർത്തങ്ങൾക്കും പണം ചിലവഴിക്കും. ഭൂകമ്പത്തിൽ തകർന്ന ഇരു രാജ്യങ്ങളെയും സഹായിക്കാൻ യുഎഇയും ഇന്ത്യയും എല്ലാ വിധത്തിലുമുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് പ്രവാസി സംരഭകനായ ഡോ. ഷംഷീറിന്റെ സമയോചിത ഇടപെടൽ.
ഭൂകമ്പ ബാധിതർക്കും കുടുംബങ്ങൾക്കുമൊപ്പമാണ് മനസ്സെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കാനുളള ശ്രമങ്ങളുടെ ഭാഗമാണ് സംഭാവനയെന്നും ഡോ. ഷംഷീർ പറഞ്ഞു. ദുരിത ബാധിതരെ സഹായിക്കുന്ന യുഎഇ ഭരണകൂടത്തിന്റെ തീരുമാനത്തേയും അദ്ദേഹം പ്രശംസിച്ചു. ഡോ.ഷംഷീര്‍ വയലിന്റെ തീരുമാനത്തെ അഭിനന്ദിച്ച് എമിറേറ്റ്സ് റെഡ് ക്രസന്റും രംഗത്തെത്തി.
മിഡിൽ ഈസ്റ്റിലെ ആരോഗ്യമേഖലയിലെ പ്രമുഖ സംരംഭകനായ ഡോ. ഷംഷീർ നേരത്തെയും നിരവധി ദുരന്തവേളകളിൽ ജനങ്ങൾക്ക് സഹായങ്ങൾ എത്തിച്ചിരുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും വ്യവസായ പ്രമുഖൻ വാറൺ ബഫറ്റും ചേർന്ന് ആരംഭിച്ച ‘ദ ഗിവിങ്ങ് പ്ലെഡ്ജിന്റെ ഭാഗമായും ഡോ. ഷംഷീർ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയ കാലത്തും നിപ വൈറസ് പടര്‍ന്നപ്പോഴും ഡോ. ഷംഷീര്‍ കേരളത്തിനും സഹായം എത്തിച്ചിട്ടുണ്ട്.