അബുദാബിയിൽ കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പിഴ ചുമത്താൻ ഉത്തരവിട്ടു. പരമാവധി 1000 ദിർഹം (22216 രൂപ) വരെ പിഴയായി അടയ്ക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. കാലാവധിയും 30 ദിവസത്തെ ഗ്രേസ് പീരിയഡും പിന്നിട്ടാൽ പ്രതിദിനം 20 ദിർഹം (444 രൂപ) വീതം പിഴ ഈടാക്കും. ഇത്തരത്തിൽ പരാമവധി 1000 ദിർഹം വരെ ഈടാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പുതുക്കേണ്ട രീതി
എമിറേറ്റ്സ് ഐഡി വിസ വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ വീസ തീരുന്നതിനൊപ്പം ഐഡി കാർഡും പുതുക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ഐസിപിയുടെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ റജിസ്റ്റർ ചെയ്ത് വ്യക്തികൾക്ക് നേരിട്ടു പുതുക്കാവുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഐ ഡി പുതുക്കാൻ അംഗീകൃത ടൈപ്പിങ് സെന്ററുകളെ സമീപിക്കാം. വ്യക്തിഗത വിവരങ്ങൾ തെറ്റുകൂടാതെ ടൈപ്പ് ചെയ്തതിന് ശേഷം കളർ ഫോട്ടോ, പാസ്പോർട്ടിന്റെ കോപ്പി എന്നിവ അറ്റാച്ച് ചെയ്ത് ഫീസടയ്ക്കണം. കാർഡ് കൊറിയർ വഴി വീട്ടിലെത്തിക്കും. എന്നാൽ സ്വന്തമായി ചെയ്യാൻ അറിയാത്തവർക്ക് ഉപഭോക്തൃ കേന്ദ്രങ്ങളിലോ ടൈപ്പിങ് സെന്ററുകളിലോ നേരിട്ട് ചെന്ന് പുതുക്കാം.
ഇളവ് ലഭിക്കുന്നവർ
ഭിന്നശേഷിക്കാർ, നയതന്ത്ര ഉദ്യോഗസ്ഥർ, രാജ്യാന്തര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർക്ക് ഐ ഡി പുതുക്കലിന് ഇളവ് അനുവദിക്കുന്നുണ്ട്. ഇത്തരക്കാർക്ക് ഐസിപി വെബ്സൈറ്റിലോ (www.icp.gov.ae) സ്മാർട്ട് ആപ്പിലോ (UAE ICP) ഇളവിനായി അപേക്ഷിക്കാം.
ഫീസ്
100 ദിർഹം എമിറേറ്റ്സ് ഐഡിക്കും 100 ദിർഹം സ്മാർട്ട് സർവീസ് ഫീസായും 50 ദിർഹം ഇലക്ട്രോണിക് സർവീസ് ഫീസ് ആയും നൽകണം. അതേസമയം അടിയന്തരമായി കാർഡ് ആവശ്യമുള്ളവർ 50 ദിർഹം അധികം നൽകണമെന്ന വ്യവസ്ഥയുമുണ്ട്.