കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിൽ ബോംബ് സ്ഫോടനമുണ്ടായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ. സ്ഫോടനത്തിന് ശേഷം തൃശ്ശൂരിലെത്തി കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഇയാളെ നിലവിൽ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പൊലീസിൽ കീഴടങ്ങും മുൻപാണ് ഡൊമിനിക് മാർട്ടിൻ ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്നാണ് കരുതുന്നത്. എന്നാൽ നിലവിൽ ഈ വീഡിയോ ഫേസ്ബുക്കിൽ ലഭ്യമല്ല.
വീഡിയോയിൽ ഡൊമിനിക് പറയുന്നത് –
എൻ്റെ പേര് മാർട്ടിൻ.. ഇപ്പോൾ നടന്ന സംഭവവികാസം നിങ്ങളെല്ലാവരും അറിഞ്ഞു കാണം. യഹോവയുടെ സാക്ഷികൾ നടത്തിയ ഒരു കൺവൻഷനിൽ ഒരു ബോംബ് സ്ഫോടനമുണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതമുണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്തു സംഭവിച്ചു എന്നെനിക്ക് കൃത്യമായി അറിയില്ല… എന്നാൽ സംഭവിചച്ചു എന്നുറപ്പുണ്ട്. അതിൻ്റെ ഉത്തരവാദിത്തം ഞാൻ പൂർണമായി ഏറ്റെടുക്കുന്നു. ഞാനാണ് ആ ബോംബ് സ്ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഈ ബോംബ് സ്ഫോടനം നടത്തിയത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ ഇപ്പോൾ ചെയ്യുന്നത്.
16 വർഷമായി ഞാൻ ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമായാണ്. ആദ്യമൊന്നും അത്ര ഗൗരവത്തോടെ ഇതിനെ എടുത്തിരുന്നില്ല, തമാശയായിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ ഒരു ആറു വർഷമായി ഈ പ്രസ്ഥാനത്തിൻ്റെ പോക്ക് തെറ്റായ രീതിയിലാണെന്നും ഇതിലെ പഠിപ്പിക്കുന്നത് രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും എനിക്ക് മനസ്സിലാവുകയും ഇതെല്ലാം തിരുത്തണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അവരാരും ഇതു തിരുത്താൻ തയ്യാറായല്ല. മറ്റൊരു പോംവഴിയും എനിക്ക് കണ്ടെത്താനായില്ല.
ഈ തെറ്റിനോട് എനിക്ക് പ്രതികരിച്ചേ മതിയായിരുന്നുള്ളൂ. എനിക്ക് വ്യക്തമായി അറിയുന്നതായിരുന്നത് കൊണ്ടും ഈ പ്രസ്ഥാനം രാജ്യത്തിന് അപകടമാണെന്ന് മനസ്സിലായത് കൊണ്ടുമാണ് എനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്. ഈ തെറ്റായ ആശയം നമ്മൾ അവസാനിപ്പിച്ചേ പറ്റൂ.. ഈ പ്രസ്ഥാനം നമ്മുടെ നാടിന് ആവശ്യമില്ല… രണ്ടാമത്തെ കാര്യം ഞാനിപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ പോയി ഹാജരാവുകയാണ് എന്നെ ആരും തെരഞ്ഞു വരേണ്ട.. പിന്നെ ഞാൻ എങ്ങനെ ഈ സ്ഫോടനം നടത്തി എന്ന കാര്യം ഒരു മാധ്യമമവും ടെലികാസ്റ്റ് ചെയ്യരുത്.. ആ സ്ഫോടനം നടത്തിയ മെത്തേഡ് സാധാരണക്കാർ മനസ്സിലാക്കിയാൽ വലിയ അപകടമാവും. അതിനാൽ അതേക്കുറിച്ച് ആരും വെളിപ്പെടുത്തരുത്.