ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി കുടുംബം. കഴിഞ്ഞ ദിവസമാണ് വന്ദനദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ആശുപത്രിയില്‍ വെച്ച് കുത്തേറ്റ വന്ദന നടന്നാണ് ആംബുലന്‍സിലേക്ക് കയറിയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ സമയം വൈകിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം.
സംഭവ സമയത്ത് സ്ഥലത്ത് പൊലീസുകാരും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഡോക്ടറുടെ അടുത്ത് ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ സംരക്ഷിക്കാനുള്ള മുന്‍കൈ എടുക്കാതിരുന്നതെന്നും മാതാപിതാക്കള്‍ ചോദിക്കുന്നു.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്നും പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല എന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെടുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഡോക്ടര്‍ വന്ദനദാസ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രതി കൊലപാതക സമയത്ത് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.