കോൺടാക്റ്റ് ലെൻസുകൾ ഗ്ലാസുകളേക്കാൾ സൗകര്യപ്രദമായി കണക്കാക്കപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ കൂടുതൽ പേരും കോൺടാക്ട് ലെൻസുകൾ തെരഞ്ഞെടുക്കാറുണ്ട്. അടുത്തിടെയാണ് ഒരു സ്ത്രീയുടെ കണ്ണിൽ നിന്ന് 23 കോൺടാക്റ്റ് ലെൻസുകൾ നീക്കം ചെയ്ത വിചിത്രമായ സംഭവം പുറത്തു വന്നത്.
കാലിഫോർണിയ ഐ അസോസിയേറ്റ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയതിരിക്കുന്നത് . കാതറീന കുർത്തീവ എന്ന ഡോക്ടറാണ് സെപ്റ്റംബർ 13ന് ഈ വിചിത്ര സംഭവത്തിന്റെ വിഡിയോ പങ്കുവച്ചത്. ക്ലിനിക്കിലെത്തിയ സ്ത്രീ കോൺടാക്റ്റ് ലെൻസ് ധരിച്ചുകൊണ്ടായിരുന്നു ദിവസവും ഉറങ്ങാൻ കിടക്കാറെന്ന് ഡോക്ടർ വിഡിയോയിൽ വിശദീകരിക്കുന്നു. ഉറക്കത്തിൽ കൺപോളക്കിടയിലേക്ക് ലെൻസ് മാറും. ഇക്കാര്യം ഓർക്കാതെ രാവിലെ വീണ്ടും ഇവർ പുതിയ ലെൻസ് ഉപയോഗിക്കും. അങ്ങനെ തുടർച്ചയായി 23 ദിവസത്തിന് ശേഷമാണ് ഇവർ ക്ലിനിക്കിലെത്തിയത്.
കണ്ണ് വേദനയുമായി ക്ലിനിക്കിലെത്തിയ സ്ത്രീയെ പരിശോധിച്ച ഡോക്ടർ 23 കോൺടാക്റ്റ് ലെൻസുകളാണ് നീക്കം ചെയ്തത്. കോൺടാക്ട് ലെൻസ് നീക്കാൻ മറന്നുപോയതാണ് ലെൻസുകൾ ഇത്രയും വരാൻ കാരണം. ഇതിന്റെ വിഡിയോ ഡോക്ടർ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആരും കോൺടാക്ട് ലെൻസുകൾ നീക്കാതെ ഉറങ്ങാൻ പോകരുതെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി.