ഹൈക്കമാന്‍ഡ് തീരുമാനം കോടതി വിധി പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. ഹൈക്കമാന്‍ഡ് പറയുന്നത് തനിക്ക് അനുസരിച്ചേ മതിയാകൂ എന്നും ഡി.കെ ശിവകുമാര്‍ എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോടതിയില്‍ എല്ലാവരും വാദിക്കും. പക്ഷെ, ജഡ്ജി പറയുന്ന വിധി എല്ലാവരും അംഗീകരിക്കാറില്ലേ എന്നും അദ്ദേഹം പറയുന്നു.
‘നമ്മള് തീരുമാനം എടുക്കാന്‍ ഹൈക്കമാന്‍ഡിന് വിട്ടതാണ്. വ്യക്തി താത്പര്യത്തെക്കാളും പാര്‍ട്ടിയുടെ താത്പര്യമാണത്. എനിക്ക് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിച്ചേ മതിയാകൂ. ഇതൊരു വിധിയാണ്. നമ്മള് കോടതിയില്‍ വാദിക്കാറില്ലേ. അവസാനം ജഡ്ജി എന്ത് പറയുന്നോ അത് നമ്മള് അംഗീകരിക്കണം,’ ഡികെ ശിവകുമാര്‍ പറഞ്ഞു.
ഒരുപക്ഷെ ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിച്ചില്ലായിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ വിജയിച്ചു. ഞാന്‍ ഒറ്റക്കൊന്നുമല്ലല്ലോ. ലക്ഷക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരാലാവുന്നത് ചെയ്തിട്ടുണ്ട്. അവരെ കൂടി നമ്മള് ഓര്‍ക്കണമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ചു.
നേരത്തെ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ശിവകുമാറിനെ മാത്രമാണ് നിലവില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ വലിയ പ്രതിസന്ധി നിലനിന്നിരുന്നു. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരു പോലെ മുഖ്യമന്ത്രി സ്ഥാനത്തിനായി ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാന്‍ സിദ്ധരാമയ്യ അഭിപ്രായം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിന് താത്പര്യമില്ലെന്ന് ഡികെ ശിവകുമാര്‍ അറിയിക്കുകയായിരുന്നു.