മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നൽകുന്ന സുപ്രീംകോടതി വിധി ചരിത്രമാണെന്ന് വിശേഷിപ്പിക്കുമ്പോഴും വിവിധ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ജാതി സംഘടനകൾ ഉൾപ്പെടെയുള്ള നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. സവർണർക്ക് അനുകൂലമായ വിധിയാണിതെന്നാണ് ന്യൂനപക്ഷ സംഘടനകളുടെ പ്രതികരണം. എന്നാൽ വിധി നല്ലതാണെന്ന് എൻഎസ്എസ് പോലുള്ള സംഘടനകളും വ്യക്തമാക്കുന്നു.
മുന്നോക്ക വിഭാഗക്കാർക്കിടയിലെ സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങൾക്കുള്ള 10% സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതി അനുവാദം നൽകിയത് ഇന്നലെയായിരുന്നു. സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്ക് സർക്കാർ ജോലികളിലും സ്വകാര്യ, അൺഎയ്ഡഡ് വിദ്യാലയ പ്രവേശനങ്ങളിലും 10 ശതമാനം സംവരണം അനുവദിക്കുന്ന 103ാം ഭരണഘടന ഭേദഗതിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. കേന്ദ്രസർക്കാരിന്റെ നിയമഭേദഗതി സുപ്രീംകോടതി ഭൂരിപക്ഷ വിധിയിലൂടെയാണ് ശരിവവച്ചത്.
എന്താണ് 103ാം ഭേദഗതി?
കേന്ദ്ര സർക്കാർ 2019 ജനുവരി 14നാണ് മുന്നാക്ക സാമ്പത്തിക സംവരണത്തിന് വഴിയൊരുക്കികൊണ്ട് ഭരണഘടനയുടെ 15, 16 വകുപ്പുകളിൽ പ്രാബല്യത്തിൽ കൊണ്ടുവന്നത്. അനുഛേദം 15 പ്രകാരം മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിർക്കുന്നു. പൊതു തൊഴിൽ അവസരങ്ങൾ തുല്യ അവസരം ഉറപ്പാക്കുന്നതാണ് അനുഛേദം 16. ഇത്തരത്തിൽ തുല്യതയ്ക്കും സംവരണത്തിനുള്ള അവകാശത്തെകുറിച്ചാണ് പറയുന്ന അനുഛേദങ്ങളിലാണ് കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നത്.
അനുകൂലിച്ചും പ്രതികൂലിച്ചും സംഘടകൾ
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നടപ്പിലാക്കുന്ന ‘സവർണ സംവരണം’ അനുവദിച്ച സുപ്രീംകോടതി വിധി ഭരണഘടനയുടെ ആത്മാവിനോടും സാമൂഹ്യ നീതിക്കായുള്ള ചരിത്ര പോരാട്ടങ്ങളോടുമുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അഭിപ്രായപ്പെട്ടു. പാമ്പ് കടിച്ചവന്റെ തലയിൽ ഇടിവെട്ടിയെന്ന് പറഞ്ഞപോലെയാണ് സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍. വിധികർത്താക്കളിൽ രണ്ടുപേര്‍ സാമ്പത്തിക സംവരണത്തെ അനുകൂലിക്കാത്തത് പ്രസക്തമാണെന്നും വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും പറഞ്ഞു. സുപ്രീംകോടതി വിധി നിരാശജനകവും ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാത്തതുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ വിധിയെ എതിർത്തുകൊണ്ട് വെൽഫെയർ പാർട്ടി, മുസ്ലീംലീഗ്, ജമാത്തെ ഇസ്ലാമി, മെക്ക തുടങ്ങിയ സംഘടനകളും രംഗത്തെത്തി.
സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വരുമാന പരിധിയായ എട്ടു ലക്ഷം വളരെ കൂടുതലാണ്. വിധിയുടെ അടിസ്ഥാനത്തിൽ ജാതി സെൻസസിന് വേണ്ടി ആവശ്യം ഉയരുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ വിധിയെ അനുകൂലിച്ചു. മുന്നാക്ക സാമ്പത്തിക സംവരണം ശരിവെച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്. നിലവില്‍ അര്‍ഹതപ്പെട്ടവരുടെ അവകാശം നഷ്ടപ്പെടുത്തുന്ന നടപടി ഉണ്ടാകാന്‍ പാടില്ല. സാമൂഹിക നീതി ഉറപ്പാക്കേണ്ടത് അനിവാര്യമാണ് -സുധാകരന് വാർത്തകുറിപ്പിൽ വ്യക്തമാക്കി.
സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നീതി ഉറപ്പാക്കുന്ന ഭരണഘടന ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമീഷൻ ചെയർമാൻ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സംവരണം നൽകുന്നത് ജാതിയുടെ പേരിലായിരിക്കരുത്, സാമ്പത്തിക അടിസ്ഥാനത്തിലായിരിക്കണം എന്ന മന്നത്ത് പത്മനാഭന്റെ കാലം മുതൽക്കുള്ള എൻ.എസ്.എസിന്റെ നിലപാടിന് ലഭിച്ച അംഗീകാരം കൂടിയാണ് ഈ വിധിയെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ സ്വാഗതംചെയ്ത് ബി.ജെ.പി. രാജ്യത്തെ ദരിദ്രർക്ക് സാമൂഹികനീതി ലഭ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യത്തിന്റെ വിജയമാണിതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് അവകാശപ്പെട്ടു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ തുടങ്ങിവെച്ച ഭരണഘടന ഭേദഗതി പ്രക്രിയയാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അവകാശപ്പെട്ടു.
ഇത്തരത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ജാതിയുടെ പേരിലുള്ള സംവരണം എന്നതിലപ്പുറം പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതാവണം സംവരണം. ഭരണഘടന അനുശാസിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും പാവപ്പെട്ടവന് ഉറപ്പുവരുത്തുകയും വേണം.