തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു ഷാജി എൻ കരുണിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി തീർത്തും വഷളായി.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഷാജി എൻ കരുണിന്റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമായിരുന്നു.
കുട്ടിസ്രാങ്ക് (2009), നിഷാദ് (2002), വാനപ്രസ്ഥം (1998), സ്വം (1994), പിറവി (1989) എന്നിങ്ങനെ ആകെ അഞ്ച് ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. എന്നാൽ ഈ ചിത്രങ്ങളുടെ പ്രമേയപരമായ വൈവിധ്യവും അന്താരാഷ്ട്ര തലത്തിൽ വരെ അവയ്ക്ക് കിട്ടിയ അംഗീകാരങ്ങളും ഷാജിയുടെ മികവിനുള്ള ഉദാഹരണമായിരുന്നു.