നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂള്‍ ബസുകളും വിട്ടുനല്‍കണമെന്ന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്.
സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നത്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നവകേരള സദസ്സ് പരിപാടിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടു നല്കാന് ആവശ്യപ്പെട്ടത്. വിവാദങ്ങള്‍ക്കിടെ ഇന്ന് ആണ് നവകേരള സദസ്സ് ആരംഭിക്കുന്നത്. കാസര്‍ഗോഡ് മുതലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് തുടങ്ങുന്നത്.
മുഖ്യമന്ത്രി ഉച്ചയോടെ കാസര്‍ഗോഡെത്തും. മറ്റു മന്ത്രിമാര്‍ ഇന്നലെ മുതല്‍ എത്തി തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലര്‍ച്ചെ തന്നെ കാസര്‍ഗോഡ് എത്തിച്ചിട്ടുണ്ട്.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പൈവളികെയില്‍ വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. നാല് മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോട് അനുബന്ധിച്ച് ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേകം പൊലീസ് സേനയെയും വിന്യസിച്ചു.