ചെന്നൈ: ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഉദയനിധിയുടെ നേതൃത്വത്തിൽ സേലത്ത് ജനുവരി 21-ന് ഡിഎംകെ യൂത്ത് വിംഗ് സമ്മേളനത്തെ എതിർക്കുന്നവരാണ് ഈ പ്രചരണങ്ങൾക്ക് പിന്നിലെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ യുവജനവിഭാഗത്തിലെ മുഴുവൻ ജനങ്ങളും സമ്മേളനത്തിനായി തയ്യാറെടുക്കുമ്പോൾ ചിലർ തൻ്റ് ആരോഗ്യത്തെ കുറിച്ചു പോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയ പൊങ്കൽ ആശംസാ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നിടത്തോളം എനിക്ക് ആശങ്കകളില്ല, ഞാൻ ആരോഗ്യവാനും സന്തോഷവാനുമാണ്, ഞാൻ എൻ്റ് ജോലി ചെയ്യുന്നു. എഴുപതുകാരനായ സ്റ്റാലിൻ പറഞ്ഞു. സമീപകാലത്ത് രണ്ട് പ്രധാന സർക്കാർ പരിപാടികളിൽ സ്റ്റാലിൻ പങ്കെടുക്കാതിരുന്നതാണ് അദ്ദേഹത്തിൻ്റെ ആരോഗ്യം മോശമാണെന്ന അഭ്യൂഹം ശക്തിപ്പെടാൻ കാരണം. മുഖ്യമന്ത്രി സ്പെയിനിലേക്ക് പോകുമെന്ന വാർത്തകളും പലതരം അഭ്യൂഹങ്ങൾക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് യുവജനകാര്യ – കായിക വകുപ്പ് മന്ത്രിയും സ്റ്റാലിൻ്റെ മകനുമായ ഉദയനിധി സ്റ്റാലിൻ സംസ്ഥാന ഉപമുഖ്യമന്ത്രിയാകുമെന്ന തരത്തിൽ വാർത്തകൾ വന്നത്. നേരത്തെ കരുണാനിധി സർക്കാരിൽ സ്റ്റാലിനും ഉപമുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നു.
എന്നാൽ മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം ഉപമുഖ്യമന്ത്രിമാരാണെന്ന് പറഞ്ഞ് ഉദയ്നിധി സ്റ്റാലിൻ ഈ വാർത്തകൾ നേരത്തെ തന്നെ തള്ളിയിരുന്നു. ഇന്നലെ ഒരു തമിഴ് പത്രം സ്റ്റാലിൻ്റെ ആരോഗ്യനില സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തിയിരിക്കുന്നത്.