വൈരം സിനിമയ്ക്ക് ശേഷം ജയസൂര്യയ്ക്ക് വലിയ സ്നേഹ പ്രകടനമായിരുന്നെന്നും എന്നാല്‍ പിന്നീട് കഥ പറയാന്‍ ചെന്നപ്പോള്‍ അദ്ദേഹം ഗൗനിച്ചില്ലെന്നും സംവിധായകന് എം.എ നിഷാദ്. എഡിറ്റോറിയലിന് നല്കിയ അഭിമുഖത്തിലായിരുന്നു എം.എ നിഷാദ് ഇക്കാര്യം പറഞ്ഞത്.
സിനിമ എല്ലാ കാലത്തും വിജയിക്കുന്നവന്റേതാണ്. വൈരം കണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും എക്സലന്റ് എന്ന് പറഞ്ഞതാണ്. നല്ല ക്യാരക്ടര്‍ ആണ് ഞാന്‍ ജയസൂര്യക്ക് കൊടുത്തത്. എന്നാല്‍ ആ സ്വാതന്ത്ര്യം വെച്ച് ജയസൂര്യയുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായ അനുഭവം അത്ര സ്വീകാര്യമായിരുന്നില്ലെന്ന് എം. എ നിഷാദ് പറഞ്ഞു.
സിനിമയിലെ ബന്ധങ്ങള്‍ ഒക്കെ ഇത്രയേ ഉള്ളോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ വൈരത്തിന് ശേഷം ചെയ്ത സിനിമയായ ബെസ്റ്റ് ഓഫ് ലക്ക് പൊട്ടിയതുകൊണ്ടാകാം ജയസൂര്യ അത്തരത്തില്‍ പെരുമാറിയതെന്നും എം.എ നിഷാദ് പറഞ്ഞു.
എം.എ നിഷാദിന്റെ വാക്കുകള്‍
വൈരം സിനിമ കഴിഞ്ഞപ്പോള്‍ ജയസൂര്യ എന്നെ കെട്ടിപ്പിടിച്ച് ഭയങ്കര സ്നേഹവും മറ്റുമായിരുന്നു. പക്ഷെ പിന്നീട് ഒരു സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അദ്ദേഹം യാതൊരു പ്രോത്സാഹനവും അദ്ദേഹം നല്‍കിയില്ല. ഒരുപക്ഷെ വൈരം കഴിഞ്ഞ് ഞാന്‍ ചെയ്ത സിനിമയായ ‘ബെസ്റ്റ് ഓഫ് ലക്ക്’ പൊട്ടിപ്പോയതുകൊണ്ടാകാം. സിനിമ എപ്പോഴും വിജയിക്കുന്നവന്റെതാണ്. ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്, സിനിമയിലെ ബന്ധങ്ങള്‍ ഇത്രയൊക്കെയേ ഉള്ളോ എന്ന്.
അന്ന് എനിക്ക് കുറച്ച് വിഷമം തോന്നി. കാരണം, നമ്മള് അത്രയും നല്ല ഒരു കാരക്ടര്‍ കൊടുത്തു. അയാളും അയാളുടെ കുടുംബവും വന്ന് പടം കണ്ട് എക്സലന്റ് എന്ന് വിധിയെഴുതി. കുടുംബം മാത്രമല്ല, പൊതു സമൂഹവും. അതുകൊണ്ട് മറ്റൊരു സിനിമ പരാജയപ്പെട്ടപ്പോള്‍ അത് വെച്ച് എന്നെ അളക്കാന്‍ പാടില്ല. ഞാന്‍ ജയസൂര്യക്ക് നല്ല ക്യാരക്ടര്‍ കൊടുത്ത്, പ്രൂവ് ചെയ്ത ഒരു സംവിധായകനാണ്. ആ സ്വാതന്ത്ര്യം വെച്ച് ഒന്ന് രണ്ട് തവണ ഞാന്‍ ജയസൂര്യയുടെ അടുത്ത് ചെന്നപ്പോള്‍ കിട്ടിയ അനുഭവം സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ ജയസൂര്യയില്‍ നിന്ന് അകലം പാലിച്ചു. ജയസൂര്യയുടെ ഡേറ്റ് ഇല്ലെങ്കില്‍ എം.എ നിഷാദ് ഇല്ല എന്നല്ലല്ലോ. അതൊക്കെ മുന്‍കൂട്ടി കണ്ടു കൊണ്ട് തന്നെ വേണം മുന്നോട്ട് പോകാന്‍.