ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിനോടുള്ള ഇഷ്ടം കാരണം എപ്പോൾ ഐഫോൺ ഇറങ്ങിയാലും ആദ്യം അത് സ്വന്തമാക്കണമെന്ന വാശിയുമായി ഒരു 28 കാരൻ. തൃശൂർ സ്വദേശിയായ ധീരജ് ഐഫോൺ 6 ഇറങ്ങിയപ്പോൾ മുതൽ കേരളത്തിൽ നിന്ന് ദുബായിൽ പോയി ആദ്യ ഐഫോൺ മോഡൽ തന്നെ സ്വന്തമാക്കി. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ഇപ്പോൾ പുറത്തിറക്കിയ ഐ ഫോൺ 14 ദുബായിലെത്തി സ്വന്തമാക്കിയിരിക്കുമയാണ് ധീരജ്.
ആപ്പിൾ കമ്പനിയാണ് ആദ്യമായി ടച്ച് സ്ക്രീൻ ഫോൺ അവതരിപ്പിച്ചത് . ഡിജിറ്റൽ മേഖലയിൽ ആപ്പിൾ ഉണ്ടാക്കിയ ഓളവും ചെറുതല്ല. ഇതെല്ലാമാണ് ധീരജിനെ വലിയ ആപ്പിൾ ആരാധകനാക്കി മാറ്റിയത്. ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന ധീരജ് ഐഫോൺ 6 പ്ലസ് ഇറങ്ങിയപ്പോഴാണ് ആദ്യം ഐഫോൺ ഉപയോഗിച്ച് തുടങ്ങുന്നത്. അതിന് ശേഷം ആപ്പിളിന്റേതല്ലാത്ത ഒരു ഫോണും ധീരജ് ഉപയോഗിച്ചിട്ടില്ല. എല്ലായ്പ്പോഴും ഐഫോണിന്റെ എല്ലാ വേർഷനും വാങ്ങാൻ ധീരജ് മുടങ്ങാതെ ദുബായിലെത്തുന്നത് പതിവായി. ഐഫോണിന്റെ ലോഞ്ചിന്റെ അന്ന് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പറന്നെത്തുന്ന ധീരജിനായി ഷോറൂം അധികൃതരും കാത്തിരിക്കാറുണ്ട്.
‘ആൻഡ്രോയ്ഡ് ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും സുരക്ഷ കണക്കിലെടുത്താൽ ഐഫോൺ തന്നെയാണ് നല്ലത്. ഒരു തവണ ഐഫോൺ ഉപയോഗിച്ച് തുടങ്ങിയാൽ പിന്നീടൊരിക്കലും ആൻഡ്രോയിഡിലേക്ക് ആരും മടങ്ങി പോകില്ല’- ധീരജ് പറയുന്നു. ഐഫോണിന് പുറമെ ആപ്പിളിന്റെ തന്നെ ഐമാക്, ഐപോഡ്, ഐപാഡ് എന്നിങ്ങനെ പല ഉപകരണങ്ങളും ധീരജിന്റെ കൈവശമുണ്ട് ഐ ഫോൺ വാങ്ങുന്നതിന് വേണ്ടി മാത്രം ദുബായിലെത്തുന്ന ധീരജിനെ പലരും വിമർശിച്ചിട്ടുണ്ട്. എന്നാൽ താൻ തന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നതെന്നും എന്ത് വാങ്ങണമെന്ന് തോന്നിയാലും വാങ്ങുമെന്നും ധീരജ് പറയുന്നു.
ഡേർ പിക്ചേഴ്സ് എന്ന സിനിമാറ്റോഗ്രഫി സ്ഥാപന ഉടമയായ ധീരജിന് വിവിധ തരം ക്യാമറകളുടെ കളക്ഷനുമുണ്ട്. ഹോളിവുഡിൽ നിന്നും റെഡ് ഡിജിറ്റൽ സിനിമ എന്ന കമ്പനി അവരുടെ ഇറങ്ങാത്ത സ്പെഷ്യൽ എഡീഷൻ ക്യാമറകൾ ധീരജിന് അയച്ച് നൽകാറുമുണ്ട്.