2022 ൽ ഏറ്റവും ജനപ്രിയരായ 10 ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ തമിഴ് സൂപ്പർ താരം ധനുഷിന് ഒന്നാം സ്ഥാനം. പ്രമുഖ ഓൺലൈൻ ഡേറ്റ ബേസ് ആയ ഐഎംഡിബി യാണ് പട്ടിക പ്രസിദ്ധീകരിച്ചത്. തമിഴ് ചിത്രമായ മാരൻ, ഹോളിവുഡ് ചിത്രം ദ് ഗ്രേ മാൻ, ബോളിവുഡ് ചിത്രമായ അത്രംഗിരേ തുടങ്ങിയ നിരവധി ജനപ്രിയ ചിത്രങ്ങളിലാണ് ധനുഷ് ഈ വർഷം അഭിനയിച്ചിട്ടുള്ളത്. അതേസമയം പത്തിൽ ആറ് താരങ്ങളും ദക്ഷിണേന്ത്യയിൽ നിന്നാണെങ്കിലും മലയാളത്തിൽ നിന്ന് ഒരു താരത്തിന് പോലും പട്ടികയിൽ ഇടം പിടിക്കാനായിട്ടില്ല.
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ഐശ്വര്യ റായ് ബച്ചനും രണ്ടും മൂന്നും സ്ഥാനത്താണുള്ളത്. ഗംഗുഭായി, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയമാണ് ആലിയയ്ക്ക് അടുത്തിടെ കൂടുതൽ ആരാധകരെ നേടികൊടുത്തത്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിലൂടെ നന്ദിനിയെന്ന കഥാപാത്രമായി ഐശ്വര്യ റായ് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചിരുന്നു. രാം ചരൺ, സമന്ത റൂത്ത് പ്രഭു, എൻടിആർ ജൂനിയർ, അല്ലു അർജുൻ, യഷ് എന്നിവരുൾപ്പെടെ ആറ് പേരും തെന്നിന്ത്യൻ താരങ്ങളും പട്ടികയിലുണ്ട്.
രാംചരൺ, സമാന്ത റൂത്ത് പ്രഭു എന്നിവർ നാലും അഞ്ചും സ്ഥാനത്താണുള്ളത്. ഹൃതിക് റോഷന് ആറാം സ്ഥാനവും കിയാര അദ്വാനി ഏഴാം സ്ഥാനവും ലഭിച്ചു. അതേസമയം ജൂനിയർ എൻടിആർ എട്ടാം സ്ഥാനത്തും അല്ലു അർജുനും യാഷും ഒൻപതാം സ്ഥാനത്തും പത്താം സ്ഥാനത്തുമാണുള്ളത്.
അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ഹിറ്റ് ചിത്രം യശോദയിൽ സമാന്ത നായികയായി എത്തിയിരുന്നു. നിലവിൽ ഓസ്കർ നോമിനേഷനായി മത്സരിക്കുന്ന എസ് എസ് രാജമൗലി ചിത്രം ആർആർ ആറിൽ രാം ചരണും എൻടിആർ ജൂനിയറും നായകരായി അഭിനയിച്ചിട്ടുണ്ട്. പുഷ്പയിലെ പ്രകടനമാണ് അല്ലു അർജുനെ പട്ടികയിൽ എത്തിച്ചത്.
അതേസമയം ഈ വർഷത്തെ ഇന്ത്യൻ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത ആദ്യ ചിത്രമായ കെജിഎഫ് ചാപ്റ്റർ 2 ൽ നായകനായെത്തിയ യഷ് ജനപ്രിയ താരമായി മാറി. ജുഗ്ഗ് ജഗ്ജഗ് ജീയോ, ഭൂൽ ഭുലയ്യ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ബോളിവുഡ് താരം കിയാരയും തിളങ്ങി. വിക്രം വേദയുടെ ഹിന്ദി പതിപ്പിൽ നായകനായെത്തിയതിൽ ഹൃതിക് റോഷനും മികച്ച പ്രകടനം കാഴ്ച്ചവച്ചു.