ടിക്കറ്റുണ്ടായിട്ടും യാത്രാനുമതി നിഷേധിച്ച യാത്രക്കാരന് എയർ ഇന്ത്യ നഷ്ട പരിഹാരം നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. അഡ്വ. വി എസ് മനുലാൽ, ആർ ബിന്ദു, കെ എം ആന്റോ എന്നിവർ അംഗങ്ങളായിട്ടുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. കോട്ടയം ഉദയനാപുരം തെനാറ്റ് ആൻ്റണി ഇംഗ്ലണ്ടിലേക്കുള്ള യാത്രനുമതി നിഷേധിച്ചതിനെ തുടർന്ന് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിലാണ് നടപടി. എയർ ഇന്ത്യ ഏഴ് ലക്ഷം രൂപ നഷ്ട പരിഹാരം നൽകാനാണ് കമ്മീഷന്റെ ഉത്തരവ്.
അന്യായമായ കാരണങ്ങൾ ഉന്നയിച്ച് ആന്റണിയുടെ യാത്രാനുമതി നിഷേധിച്ചത് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സേവന ന്യൂനതയാണെന്ന് കമ്മീഷൻ കണ്ടെത്തി. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ആൻ്റണിക്ക് മാനസികമായും ശാരീരികമായുമുണ്ടായ ബുദ്ധിമുട്ടുകൾക്കും കഷ്ടപാടുകൾക്കും എയർ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കമ്മീഷൻ ഉത്തരവിടുകയായിരുന്നു. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.
സംഭവം ഇങ്ങനെ- കൊച്ചിയിൽ നിന്നും ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചി വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യാനാകത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ബിർമിംഗ്ഹാമിലേക്കുള്ള ടിക്കറ്റ് എടുക്കുകയായിരുന്നു. എന്നാൽ ബ്രിട്ടനിൽ സ്ഥിര താമസ പെർമിറ്റുള്ളയാളായിരുന്നു ആന്റെണി. രണ്ടു വർഷത്തിൽ കൂടുതൽ ബ്രിട്ടനു പുറത്ത് താമസിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ യാത്ര വിലക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ കൊച്ചിയിൽ നിന്ന് ഖത്തർ എയർവേഴ്സിലൂടെ ഖത്തർ വഴി മാഞ്ചസ്റ്ററിലും പിന്നീട് റോഡ് മാർഗത്തിലൂടേയും ബിർമിംഗ്ഹാമിലേക്ക് എത്തി. അപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞിരുന്നുവെന്നാണ് പരാതി. എയർ ഇന്ത്യ നിരസിച്ച യാത്രാ പെർമിറ്റ് ഉപയോഗിച്ചായിരുന്നു ആൻ്റണി കൊച്ചിയിൽ നിന്നും ഖത്തർ എയർവെയ്സിൽ യാത്ര ചെയ്തതെന്ന് പരാതി പരിശോധിച്ച കമ്മീഷൻ വിലയിരുത്തി.
Good