സിനിമാ രംഗത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുവേദിയിൽ തുറന്നു പറഞ്ഞ് നടൻ ടിനി ടോം. തന്റെ മകനെ സിനിമയിൽ അഭിനയിപ്പിക്കാൻ പേടിയാണെന്നും നടൻ തുറന്നു പറഞ്ഞു. കേരള സർവ്വകലാശാലയുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു പ്രമുഖ നടന്റെ സിനിമയിൽ അദ്ദേഹത്തിന്റെ മകനായി അഭിനയിക്കാനായിരുന്നു എന്റെ മകന് അവസരം ലഭിച്ചത്. എന്നാൽ സിനിമയിൽ അഭിനയിക്കാൻ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ച് പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയമായിരുന്നു ഇതിനു കാരണം. 16 -18 വയസ്സിൽ കുട്ടികൾക്ക് വഴി തെറ്റാൻ എളുപ്പമാണ്. എനിക്കൊരു മകനേയുള്ളൂ”- ടിനി ടോം പറഞ്ഞു.
കഴിഞ്ഞ ദിവസം ലഹരിക്കടിമപ്പെട്ട ഒരു നടനെ കണ്ടിരുന്നെന്നും അയാളുടെ പല്ലുകൾ പൊടിഞ്ഞു തുടങ്ങിയതായി ശ്രദ്ധയിൽപ്പെട്ടതായും അദ്ദേഹം തുറന്നു പറഞ്ഞു.
“ഇന്ന് പല്ല് പൊടിയും, നാളെ എല്ലുകളായിരിക്കും പൊടിയുക.അതുകൊണ്ട് സിനിമയായിരിക്കണം നമുക്ക് ലഹരി”- ടിനി ടോം കൂട്ടിച്ചേർത്തു
കേരള പോലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടെയാണ് ടിനി ടോം.