ബഹ്റൈൻ ഭരണത്തെ വിലയിരുത്തുന്നതിനായി ഭരണാധികാരികളുടെ മന്ത്രിസഭായോഗം ചേർന്നു. ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അധ്യക്ഷതയിൽ സഖീർ പാലസിലാണ് യോഗം ചേർന്നത്. വിവിധ മേഖലകളിലായി രാജ്യം കൈവരിച്ച നേട്ടങ്ങളിൽ പാർലിമെന്റ് അടക്കമുള്ള ജനാധിപത്യ സംവിധാനങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവിത നിലവാരവും ആഗ്രഹ പൂർത്തീകരണവും വികസനവും വളർച്ചയും ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ കൂടുതൽ മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതേസമയം വരാനിരിക്കുന്ന പാർലിമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിനാവശ്യമായ മികച്ച പ്രവർത്തനങ്ങളിൽ സർക്കാർ അതോറിറ്റികളും വിവിധ മന്ത്രാലയങ്ങളും സഹകരിക്കണമെന്നും ഹമദ് രാജാവ് ആഹ്വാനം ചെയ്തു.
സൗദിയിൽ ഭരണാധികാരിയുമായും കിരീടാവകാശിയുമായും നടത്തിയ കൂടിക്കാഴ്ചകൾ മൂലം ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തമായിട്ടുണ്ട്. കൂടാതെ ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. വിവിധ സമൂഹങ്ങൾ തമ്മിൽ കാലങ്ങളായി സഹിഷ്ണുതയോടെയും സഹവർത്തിത്വത്തോടുകൂടിയും മുന്നോട്ട് പോകുന്ന ബഹ്റൈൻ പാരമ്പര്യം മാതൃകയാണ്. മിലാന്നുദ്ധീനോടാനുബന്ധിച്ച് അറബ് ഇസ്ലാമിക സമൂഹത്തിനും, ബഹ്റൈൻ ജനതയ്ക്കും ഹമദ് രാജാവ് ആശംസകൾ നേർന്നു.