ദില്ലി: വന്ദേഭാരത് എക്സ്പ്രസ്സ് വീണ്ടും പശുവുമായി കൂട്ടിയിടിച്ച് അപകടം. പുതുതായി ആരംഭിച്ച ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ആണ് മധ്യപ്രദേശിലെ ഗ്വാളിയോർ സ്റ്റേഷനു സമീപം വ്യാഴാഴ്ച വൈകുന്നേരം പശുവിനെ ഇടിച്ചത്. ഇടിയെ തുടർന്ന് വന്ദേഭാരത് ട്രെയിനിൻ്റെ എൻഞ്ചിൻ്റെ മുൻവശം തകർന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്വാളിയോർ ജില്ലയിലെ ദബ്രയ്ക്ക് സമീപം ട്രാക്കിലാണ് സംഭവം. വൈകുന്നേരം ആറേകാലോടെ ട്രാക്കിൽ നിന്ന പശുവിനെ ഹസ്രത്ത് നിസാമുദ്ദീൻ-റാണി കമലാപതി വന്ദേ ഭാരത് ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പതിനഞ്ച് മിനിറ്റോളം ട്രെയിൻ ട്രാക്കിൽ നിർത്തിയിട്ടു. തകർന്ന ഭാഗം കെട്ടിവച്ചാണ് ട്രെയിൻ പിന്നീട് യാത്ര തുടർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ ഒന്നിനാണ് റാണി കമലാപതിക്കും (ഭോപ്പാൽ) ഹസ്രത്ത് നിസാമുദ്ദീനും (ഡൽഹി) ഇടയിലുള്ള വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതേ ട്രെയിൻ ഉദ്ഘാടനത്തിന് മുൻപായി നടത്തിയ ട്രയൽ റണിനിടെ ഹരിയാനയിലെ ഹോദലിനു സമീപം കന്നുകാലികളെ ഇടിച്ചു തെറിപ്പിച്ചിരുന്നു. രണ്ട് ദിവസം മുൻപ് ഭോപ്പാലിലും അതിന് മുൻപ് ദില്ലിയിലും വന്ദേഭാരത് ട്രെയിനുകളിൽ പശു വന്നിടിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.