ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് പടക്കങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍. പടക്കങ്ങളുടെ ഉത്പാദനം, വില്‍പ്പന, സംഭരണം ഉപയോഗം എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ശൈത്യകാലത്ത് വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള കരുതല്‍ നടപടികളുടെ ഭാഗമായാണ് പടക്കങ്ങള്‍ നിരോധിച്ചതെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. നഗരത്തിലുടനീളം നിരോധനം നടപ്പാക്കാന്‍ ഡല്‍ഹി പൊലീസ് കര്‍ശന നിര്‍ദേശം നല്‍കുമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റായ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡല്‍ഹി സര്‍ക്കാര്‍ ഈ രീതി തുടരുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡല്‍ഹിയുടെ വായു മലിനീകരണം താരതമ്യേന കുറവാണ്. എന്നാല്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. അതിനാല്‍ ഈ വര്‍ഷവും പടക്കം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റായ് പറഞ്ഞു.
പടക്ക ലൈസന്‍സ് നല്കുന്നതില് നിന്ന് വിട്ടുനില്‍ക്കണമെന്ന് എന്‍സിആര്‍ സംസ്ഥാനങ്ങളിലെ അധികൃതരോടും മന്ത്രി അഭ്യര്‍ത്ഥിച്ചു. ദീപാവലി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ശീതകാല കര്‍മ പദ്ധതി നടപ്പാക്കാനുള്ള പദ്ധതികളോടെ മലിനീകരണ ഹോട്സ്പോട്ടുകളുടെ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദീപാവലി സമയത്ത് ആരെങ്കിലും പടക്കം പൊട്ടിച്ചാല്‍ ആറ് മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.