തിരുവനന്തപുരം:എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ്റെ പ്രവർത്തനത്തിൽ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല.
അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരും. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളിൽ നിന്ന് പികെ ശശിയെ പാർട്ടി ഒഴിവാക്കി. കെടിഡിസി ചെയർമാൻ സ്ഥാനം സർക്കാരിൻ്റെ ഭാഗമായുള്ള പദവിയാണ്. ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് ടിപി രാമകൃഷ്ണന് പകരം ചുമതല നൽകി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകേഷ് എംഎൽഎ രാജിവെക്കേണ്ടതില്ലെന്നും അതേസമയം സിനിമ സമിതിയിൽ നിന്നും ഒഴിവാക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സ്ത്രീകൾക്കെതിരെ അതിക്രമങ്ങളിൽ രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാൽ അവരാരും രാജിവെച്ചിട്ടില്ല. ധാർമ്മികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.കോൺക്ലേവിനെതിരെ ചിലർ നിലപാടെടുത്തു. എന്നാൽ സിനിമാ കോൺക്ലേവ് നടത്തും. ഇക്കാര്യത്തിൽ എല്ലാവരുമായും ചർച്ച നടത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി ഉള്ളതും ഇല്ലാത്തതുമായ പരാതികൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ട്. ഇപ്രകാരം 11 എണ്ണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നില്ല. ഭരണപക്ഷ എംഎൽഎക്കെതിരായ പരാതിയിലും കേസെടുത്ത് മുന്നോട്ട് പോകുന്ന സർക്കാരാണിത്. രാജ്യത്തിന് തന്നെ മാതൃകയായ സമീപനമാണ് കേരള സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.