ഡൽഹിയുടെ ഭരണം കേന്ദ്രത്തിനു ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഉത്തരവിറക്കിയത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഭരണം ഏറ്റെടുക്കാനുള്ള അവകാശമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവൺമെന്റും ആം ആദ്മി പാർട്ടിയും തമ്മിലുള്ള അധികാര തർക്കത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി.
ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡൽഹി സർക്കാരിന് അധികാരമുണ്ട്.എന്നാൽ ഭൂമി, റവന്യൂ ,ക്രമസമാധാനം എന്നിവയുടെ ചുമതലകൾ കേന്ദ്രസർക്കാരിന് തന്നെയായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 239 എ എ അനുച്ഛേദപ്രകാരം ആർക്കാണ് ഡൽഹിയുടെ അധികാരം എന്ന തർക്കത്തിലാണ് വിധി.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണാവകാശമില്ലെങ്കിൽ അത് ജനങ്ങളോടും നിയമനിർമ്മാണ സഭയോടുമുള്ള ഉത്തരവാദിത്തം കുറയുന്നതിന് കാരണമാകുമെന്നും , മന്ത്രിമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മന്ത്രിമാരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ അത് കൂട്ടുത്തരവാദിത്വത്തെ ബാധിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി
ലെഫ്റ്റനന്റ് ഗവർണറും ഡൽഹി സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് കെജ്രിവാൾ സർക്കാരിന് അനുകൂലമായ സുപ്രീം കോടതിയുടെ നിർണ്ണായക വിധി വന്നത്.
സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിൽ ലെഫ്റ്റനന്റ് ഗവർണ്ണർ ഇടപെട്ടതോടെയാണ് കേന്ദ്രസർക്കാരുമായുള്ള തർക്കങ്ങൾ ആരംഭിച്ചത്. ഭൂമി, പോലീസ്, ഉദ്യോഗസ്ഥ നിയമനം എന്നിവയിൽ സർക്കാർ ലെഫ്റ്റനന്റ് ഗവർണ്ണറുടെ അനുമതി തേടണം എന്ന് കേന്ദ്രം വിജ്ഞാപനം ഇറക്കിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ലെഫ്റ്റനന്റ് ഗവർണ്ണർ റദ്ധാക്കിയതോടെ ആം ആദ്മി പാർട്ടി കോടതിയെ സമീപിക്കുകയായിരുന്നു. ഡൽഹി ഹൈക്കോടതിയിൽ നിന്നും ഭിന്ന വിധി വന്നതിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.