പ്രയാഗ്രാജ്: മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരണപ്പെട്ടതായി ഉത്തർപ്രദേശ് സർക്കാർ സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു.
പത്ത് പേർ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട് എന്നാൽ ഔദ്യോഗിക കണക്ക് വന്നപ്പോൾ മരണസംഖ്യ കുത്തനെ ഉയർന്നു. അതേസമയം ദുരന്തമുണ്ടായ ത്രിവേണി ഘട്ടിൽ സ്നാനം വീണ്ടും തുടങ്ങി. ബാരിക്കേഡ് മറികടക്കാൻ വലിയ ജനക്കൂട്ടം ശ്രമിച്ചതാണ് അപകടകാരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇന്ന് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിൽ വലിയ ജനക്കൂട്ടം സ്താന ഘട്ടത്തിലേക്ക് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം കുംഭമേളയിലെ ദുരന്തത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിഐപി സന്ദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണങ്ങളിലെ വീഴ്ചക്ക് കാരണമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സാധാരണക്കാരായ തീർത്ഥാടകർ സർക്കാരിൻ്റെ വീഴ്ചക്ക് ഇരയായി എന്നും ഇനിയെങ്കിലും ക്രമീകരണങ്ങൾ നേരാംവണ്ണം സജ്ജമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അപകട മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. പരിക്കേറ്റവർ വേഗം സുഖപ്പെടട്ടെയെന്നും മോദി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുമെന്നും സംഭവത്തിൻറെ സ്ഥിതിഗതികൾ വിലയിരുത്തിയതായും, യോഗി ആദിത്യനാഥുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി അറിയിച്ചിരുന്നു.