ലോക സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 95-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ഈ മാസം 13നാണ് നടക്കുന്നത്. ഓസ്കർ പുരസ്കാരവേദിയിൽ അവതാരകരിൽ ഒരാളായി നടി ദീപികാ പദുകോൺ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് ഓസ്കർ പുരസ്കാര ചടങ്ങിലെ അവതാരകരുടെ പട്ടിക അക്കാദമി പുറത്തുവിട്ടത്. ഈ ലിസ്റ്റിലാണ് ദീപിക പദുകോണും ഇടംപിടിച്ചത്. ദീപിക പദുകോണിനെ കൂടാതെ 16 പേരാണ് പുരസ്കാരച്ചടങ്ങിൽ അവതാരകർ ആകുന്നത്. എല്ലാ അവതാരകരുടെയും പേരുകൾ സഹിതമുള്ള ഒരു പോസ്റ്റ് നടി തന്റെ ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ചു.
റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫർ കോനെല്ലി, അരിയാന ഡിബോസ്, സാമുവൽ എൽ ജാക്സൺ, ഡ്വെയ്ൻ ജോൺസൺ, മൈക്കൽ ബി ജോർഡൻ, ട്രോയ് കോട്സൂർ, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാർത്തി, ജാനെൽ മോനെ, സോ സാൽഡാന, ക്വസ്റ്റ്ലോവ്, ഡോണി യെൻ എന്നിവരാണ് പുരസ്കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങൾ.
അതേസമയം ഓസ്കറിൽ മികച്ച ഗാനത്തിനുള്ള അവസാന പട്ടികയിൽ ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ ഗാനവും ഇടംപിടിച്ചിട്ടുണ്ട്. ‘നാട്ടു നാട്ടു’ ഈ വർഷത്തെ ഓസ്കർ വേദിയിൽ അവതരിപ്പിക്കുമെന്ന് ഓസ്കർ ചടങ്ങിൻറെ സംഘടകർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്റർ വേദിയിൽ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്ന് ‘നാട്ടു നാട്ടു’ അവതരിപ്പിക്കും.