മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞുണ്ടായ വൻ ദുരന്തത്തിൽ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 35 ലധികം പേർ ബോട്ടിലുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് തൂവൽതീരം ബീച്ചിൽ ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുകയാണ്
- ഫസ്ന (18) പരപ്പനങ്ങാടി
- സഫ്ന (7) പരപ്പനങ്ങാടി
- ഫാത്തിമ മിൻഹ (12) ഓലപ്പീടിക
- സിദ്ധീഖ് (35) ഓലപ്പീടിക
- ജഴൽസിയ (40) പരപ്പനങ്ങാടി
- അഫ്ലഹ് (7) പട്ടിക്കാട്
- അൻഷിദ് (10) പട്ടിക്കാട്
- റസീന പരപ്പനങ്ങാടി
- ഫൈസാൻ (4) ഓലപ്പീടിക
- സബറൂദ്ധീൻ (38) ഓലപ്പീടിക
- ഷംന (17) പുതിയ കടപ്പുറം
- ഹാദി ഫാത്തിമ (7) മുണ്ടുപറമ്പ്
- സഹറ ഓട്ടുംപുറം
- നൈറ ഓട്ടുംപുറം
- സഫ്ന ഷെറിൻ പരപ്പനങ്ങാടി
- റുഷ്ദ പരപ്പനങ്ങാടി
- ആദില ശെറി ചെട്ടിപ്പടി
- അയിഷാബി ചെട്ടിപ്പടി
- അർഷാൻ ചെട്ടിപ്പടി
- അദ്നാൻ ചെട്ടിപ്പടി
- സീനത്ത് (45) ചെട്ടിപ്പടി
- ജെറിർ (10) പരപ്പനങ്ങാടി
പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയും സഹോദരൻ സിറാജും ഇവരുടെ കുടുംബങ്ങളും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഈ കുടുംബത്തിലെ ഒൻപത് പേരാണ് ബോട്ട് ദുരന്തത്തിൽ മരണപ്പെട്ടത്. ഇവർക്കൊപ്പം അയൽവാസികളായ മൂന്ന് പേരും പോയിരുന്നു. സെയ്തലവിയുടെ പണി പുരോഗമിക്കുന്ന വീട്ടിലേക്കാവും മൃതദേഹങ്ങൾ കൊണ്ടു വരിക. ഇത്രയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ അടുത്തുള്ള മദ്രസയിലാവും പൊതുദർശനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെയെത്തി മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിക്കും. പരപ്പനങ്ങാടി അരയൻപ്പുരം ജുമാ മസ്ജിദിൽ അപകടത്തിൽപ്പെട്ട 11 പേരെ ഒരുമിച്ചാവും ഖബറടക്കുക.
പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി. ബോട്ടിന്റെ വാതിൽ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ബോട്ടിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പേരിന് മാത്രമാണ് ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നത്. എന്നാൽ ബോട്ട് തലകീഴായി മറിഞ്ഞതോടെ ലൈഫ് ജാക്കറ്റ് ധരിച്ചാലും രക്ഷപ്പെടാനുള്ള സാധ്യതയില്ലായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.