സാമൂഹിക പ്രവർത്തക ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു. ദയാബായി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് മന്ത്രിമാരായ ആർ.ബിന്ദുവും വീണാ ജോർജും പറഞ്ഞു. ഇതിന് പിന്നാലെയാണ് ദയാബായി സമരം അവസാനിപ്പിച്ചത്. 18 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നിരാഹാര സമരം നടത്തുകയായിരുന്നു.
കാസർകോട് മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എൻഡോസൾഫാന് സമരസമിതി നേതാക്കളുമായി രണ്ടു മന്ത്രിമാരും ചർച്ച നടത്തി. നേരത്തേ ഇക്കാര്യം ദയാബായിയെ അറിയിച്ചിരുന്നെകിലും രേഖമൂലമുള്ള ഉറപ്പ് വേണമെന്ന് പറഞ്ഞ് സമരം തുടർന്നിരുന്നു. ശേഷം സർക്കാരിന്റെ തീരുമാനങ്ങളും ഉറപ്പും അറിയിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ആദ്യം നൽകിയ രേഖകളിലെ അവ്യക്തത തിരുത്തി നൽകുകയും ചെയ്തു. എന്നാൽ നിരാഹാര സമരം മാത്രമാണ് അവസാനിപ്പിക്കുന്നതെന്നും പോരാട്ടം തുടരുമെന്നും ദയാബായി വ്യക്തമാക്കി. ആശുപത്രിയിലെത്തിയാണ് മന്ത്രി വീണ ജോർജ് തീരുമാനങ്ങൾ അറിയിച്ചത്.
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന ആവശ്യം മുന്നോട്ട് വച്ചാണ് ദയാബായി സമരത്തിലേർപ്പെട്ടിരുന്നത്. കാസർകോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് ദയാബായിയുടെ പ്രധാനാവശ്യം. ജില്ലയിലെ ആശുപത്രി സംവിധാനങ്ങൾ പരിമിതമാണ്. അതുകൊണ്ട് തന്നെ ലോക്ഡൗൺ കാലത്ത് അതിർത്തി അടച്ചതുകൊണ്ടുമാത്രം മതിയായ ചികിത്സകിട്ടാതെ ഇരുപതോളംപേരാണ് മരിച്ചത്. അതേസമയം പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽക്യാമ്പുകൾ അഞ്ചുവർഷമായി നടക്കുന്നില്ല എന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.
ആരോഗ്യസ്ഥിതി മോശമായതോടെ ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻപോയാലും കുഴപ്പമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദയാബായി ചെയ്തത്. പലതവണ പോലീസെത്തി ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കുമാറ്റിയിരുന്നെങ്കിലും ആശുപത്രിക്കിടക്കയിലും നിരാഹാരം തുടർന്നു. യു.ഡി.എഫ്. നേതാക്കൾ മുതൽ മനുഷ്യാവകാശ സംഘടനകൾവരെ സമരത്തിന് പിന്തുണ നൽകി. കൂടാതെ വി ഡി സതീശൻ എം എൽ എ ദയബായിയെ സന്ദർശിക്കുകയും ചെയ്തിരുന്നു.