ദുബായ്: സെന്‍ട്രല്‍ ജയിലില്‍ അന്തേവാസിയായ പിതാവിനൊപ്പം ജന്മദിനം ആഘോഷിച്ച് മകള്‍. ജന്മദിനം ആഘോഷിക്കാനുള്ള ആഗ്രഹം ദുബായ് പൊലീസ് സാക്ഷാത്കരിച്ച് നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പിതാവും മകളും തമ്മിലുള്ള കൂടിക്കാഴ്ചയക്ക് വേദിയൊരുങ്ങിയത്. യുഎഇ പൗരനല്ലാത്ത ഇയാള്‍ ജോലി ആവശ്യാര്‍ത്ഥമാണ് യുഎഇയിലെത്തുന്നത്. തുടര്‍ന്ന് ആറ് വര്‍ഷം മുമ്പ് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെടുകയായിരുന്നു. കൊവിഡ് കാലമായതിന് പിന്നാലെ കുടുംബവുമായി ബന്ധപ്പെടാനും സാധിച്ചില്ല. ഇതിന് പിന്നാലെയാണ് മകള്‍ കുടുംബവുമൊത്ത് അച്ഛനെ കാണാന്‍ എത്തിയത്.
മകള്‍ പിതാവിനെ കാണാനുള്ള ആഗ്രഹം ദുബായ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് മകളെ ജയിലില്‍ എത്തിക്കുകയായിരുന്നു.
മകള്‍ എത്തുന്ന വിവരം പൊലീസ് പിതാവിനെ അറിയിച്ചിട്ടില്ലായിരുന്നു. അപ്രതീക്ഷിതമായി മകളെ ജയിലില്‍ വെച്ച് കണ്ട പിതാവ് വികാരാധീനനായി. ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ഇതിനുള്ള ഏര്‍പ്പാടുകളും ദുബായ് പൊലീസ് പറഞ്ഞു.
ജയിലില്‍ അന്തേവാസികള്‍ക്ക് സന്തോഷം പകരുന്നതിനാണഅ ഇത്തരത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയതെന്ന് ജയില്‍ വകുപ്പ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ മര്വാന് അബ്ദുള്‍ കരീം പറഞ്ഞു. ദുബായ് ജയിലില്‍ ഒരുക്കിയിട്ടുള്ള വിഷ്വല്‍ കമ്യൂണിക്കേഷന്‍ സംവിധാനം വഴി രാജ്യത്തിനകത്തും പുറത്തും ബന്ധുക്കള്‍ക്ക് ജയില്‍ അന്തേവാസികളുമായി സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.