ലോകകപ്പ് കാണാനെത്തുന്നവർക്ക് ഖത്തർ ഫൗണ്ടേഷന്റെ ഡി-റീഷാ പെർഫോമിങ് ആർട് ഫെസ്റ്റിലെ കാഴ്ചകളും ആസ്വദിക്കാം. സംസ്കാരവും പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രണ്ടാമത് ഡി-റീഷാ ആർട് ഫെസ്റ്റിവലിന്റെ പ്രമേയം യാത്രയും സാഹസികതയും എന്നതാണ്. സാഹസിക സഞ്ചാരി ഇബ്ൻ ബത്തൂത്തയിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ കഥ പറച്ചിൽ, സംഗീതം, കവിത മുതൽ വിഷ്വൽ ആർട്സ്, നാടകം എന്നിങ്ങനെ വ്യത്യസ്ത പരിപാടികളാണ് നടക്കുന്നത്. കലാകാരന്മാർ, ഖത്തർ ഫൗണ്ടേഷൻ വിദ്യാർഥികൾ, കമ്യൂണിറ്റി അംഗങ്ങൾ എന്നിവരാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്. സംഗീത വിസ്മയം തീർക്കാൻ അജ്യാൽ ട്യൂൺസും എത്തും. മൊറോക്കോ, സെനഗൽ, തുർക്കി, ഗ്രീസ് എന്നിവിടങ്ങളിലെ കലാകാരന്മാരും സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും.
പ്രാദേശിക പൈതൃകവുമായി കവിതാ മജ്ലിസുകൾ, പരമ്പരാഗത കായിക ഇനങ്ങൾ, സിനിമ പ്രദർശനങ്ങൾ എന്നിവയ്ക്ക് പുറമെ പ്രാദേശിക പച്ചക്കറികളുമായി ടോർബ ഫാർമേഴ്സ് മാർക്കറ്റും സജീവമാകും. സാമൂഹിക വികസന-കുടുംബ കാര്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് ഡി-റീഷാ ആർട് ഫെസ്റ്റ് നടക്കുന്നത്. എല്ലാ പ്രായക്കാർക്കും ഡേ പാസ് വഴി പ്രവേശിക്കാം.
3 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 35 റിയാൽ, 12 വയസിനു മുകളിൽ പ്രായമുള്ളവർക്ക് 50 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 3 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഈ മാസം 17 വരെ നീളുന്ന ഫെസ്റ്റിലേക്ക് വെർജിൻ മെഗാസ്റ്റോർ വഴി ഓൺലൈനായി ടിക്കറ്റുകൾ എടുക്കാം.