ദില്ലി: ഉത്തരേന്ത്യയില്‍ ജനജീവിതം ദുസ്സഹമാക്കി അതിരൂക്ഷമായ ഉഷ്ണതരംഗം. ബീഹാറില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഒഡീഷയിലെ റൂർക്കേലയില്‍ 10 പേരും കൊടുംചൂടിൽ മരിച്ചു. പല സംസ്ഥാനങ്ങളിലും നിരവധി പേർ ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലാണ്. പലയിടത്തും നിർജലീകരണം മൂലം ആളുകൾ കുഴഞ്ഞു വീഴുന്ന അവസ്ഥയുണ്ട്. എന്നാൽ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക ക
ചൂട് കൊണ്ട് വലയുന്ന ഉത്തരേന്ത്യയില്‍ പലയിടത്തും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം ഉഷ്ണ തരംഗം ബീഹാറിനെയാണ് ഏറെ ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബീഹാറില്‍ മാത്രം 60 പേരുടെ മരണത്തിനാണ് ചൂട് ഇടയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഔറംഗാബാദിലും, പറ്റ്നയിലുമായാണ് ഏറെയും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉഷ്ണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ രാജസ്ഥാൻ ഹൈക്കോടതി സ്വമേധയ കേസെടുത്തിട്ടുണ്ട്. ദേശീയ ദുരന്തമായി ഉഷ്ണതരംഗത്തെ പ്രഖ്യപിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്ത് 5 പേർ മാത്രമാണ് ചൂടിനെ തുടർന്ന് മരിച്ചതെന്നും മാധ്യമങ്ങള്‍ കണക്കുകള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു.
ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത നാല് ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ ചൂട് 2 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ കുറയാമെങ്കിലും ഉഷ്ണതരംഗം നിലനില്‍ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.