കുവൈത്തില്‍ നിര്‍ണായക പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നാളെ. ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിന് രാജ്യം തയ്യാറായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നീണ്ട ഒരുമാസത്തെ പ്രചാരണത്തിനൊടുവിലാണ് ജനവിധി.
വോട്ടർമാരെ സ്വാധീനിക്കൽ, വോട്ട് വാങ്ങൽ എന്നിവക്കെതിരെയും നിരീക്ഷണവും നടപടികളും കർശനമാക്കിയിട്ടുണ്ട്. അന്തിമ കണക്കുപ്രകാരം 304 പേരാണ് മത്സരരംഗത്തുള്ളത്. പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതോളം പേരും നിരവധി മുൻ എം.പിമാരും മത്സരരംഗത്തുണ്ട്. 50 സീറ്റുകളിലേക്കായി ഇത്രയും പേർ രംഗത്തിറങ്ങിയതോടെ കനത്ത പ്രചാരണമാണ് നടന്നത്. ഇക്കുറി മൽസരിക്കുന്നവരിൽ 27 വനിതകളും ഉൾപ്പെടും. കുവൈത്തിന്റെ ഭാവി രാഷ്ട്രീയ മുന്നേറ്റത്തിൽ സ്ത്രീകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാവണമെന്നാണ് കുവൈറ്റ് ജനതയുടെ ആഗ്രഹവും.
നാളെ അഞ്ചുമണ്ഡലങ്ങളിലായി 123 ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വോട്ടർമാർക്കും സ്ഥാനാർഥികൾക്കും ഉദ്യോഗസ്ഥർക്കും ഇവിടെ നിന്നും വൈദ്യസഹായം ലഭ്യമാകും. കൂടാതെ, രാജ്യത്തെ മുഴുവൻ ആശുപത്രികളിലും പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും. അടിയന്തര വൈദ്യസഹായ സംഘം വോട്ടെടുപ്പ് ദിവസം മുഴുവൻ രംഗത്തുണ്ടാകും. അഭ്യന്തരമന്ത്രാലയം, സിവിൽ ഡിഫൻസ് എന്നിവയും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. വോട്ടെടുപ്പിന്റെ സുതാര്യത നിലനിർത്താൻ സുതാര്യതാ സൊസൈറ്റിയും രംഗത്തുണ്ടാകും.