ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജ്ജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഗംഗാവലി പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് പ്രധാന വെല്ലുവിളി. എന്നാൽ ദൗത്യം ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ അനുകൂലമായാൽ ഉടൻ തെരച്ചിൽ പുനരാരംഭിക്കുമെന്നും ശിവകുമാർ പറഞ്ഞു.
അപകടമേഖലയിൽ ഇപ്പോഴും നിരീക്ഷണം തുടരുന്നുണ്ട്. ജില്ലാ ഭരണകൂടം തന്നെ എല്ലാ ദിവസവും പുഴയിലെ ഒഴുക്ക് അളക്കുന്നുണ്ട്. ഇന്നലെ രാവിലെത്തെ കണക്ക് പ്രകാരം വെള്ളത്തിൻ്റെ ഒഴുക്ക് 5.4 നോട്ടിക്കൽ മൈൽ വേഗത്തിലാണ്. ഈ ഒഴുക്കിൽ പുഴയിൽ ഇറങ്ങി ഡൈവ് ചെയ്തു നോക്കാനോ ചെളിയും മണലും ഡ്രെഡ്ജ് ചെയ്യാനോ സാധിക്കില്ല. പുഴയിലെ ഒഴുക്ക് കുറയുന്ന മുറയ്ക്ക് തെരച്ചിൽ തുടങ്ങുന്നതിൽ തീരുമാനമെടുക്കും. അർജുൻ അടക്കം നാല് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചിട്ടില്ലെന്നും അതു തുടരുമെന്നാണ് ഡി.കെ ശിവകുമാർ പറയുന്നത്.
പുഴയിൽ ഒരാൾക്ക് സുരക്ഷിതമായി ഇറങ്ങി തിരയാൻ അടിത്തട്ടിലെ ഒഴുക്കിൻ്റെ വേഗം രണ്ട് നോട്ടിക്കൽ മൈലായി കുറയണം. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമാണെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. മഴ കുറഞ്ഞതോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ചയോടെ നിശ്ചിത പരിധിക്ക് താഴേക്ക് അടിയൊഴുക്ക് എത്തിയാൽ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തെരച്ചിൽ ദൗത്യം തുടരണമെന്ന് നേരത്തെ കർണാടക ഹൈക്കോടതിയിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നു.