ഫുട്ബോളിൽ ഒരു ചരിത്രം കൂടെ തന്റേത് മാത്രമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം പോർച്ചുഗലിനായി കളത്തിൽ ഇറങ്ങിയതോടെ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പുരുഷ കളിക്കാരനായി റൊണാൾഡോ മാറി. ലിച്ചെൻസ്റ്റീനെതിരെ ഇറങ്ങിയത് പോർച്ചുഗലിനായി റൊണാൾഡോയുടെ 197-ാം അന്താരാഷ്ട്ര മത്സരം ആയിരുന്നു. അന്താരാഷ്ട്ര മത്സരത്തിൽ, കുവൈറ്റ് താരം ബദർ അൽ-മുതവയുടെ മുൻ ലോക റെക്കോർഡ് ആയ 196 ആണ് റൊണാൾഡോ മറികടന്നത്.
യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ലീച്ചെൻസ്റ്റൈനെതിരെ പോർച്ചുഗൽ 4-0ന് ജയഘോഷയാത്ര തുടങ്ങിയപ്പോൾ ഇരട്ട ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കൊയ്തത്. ഒന്ന് പെനാൽറ്റിയെങ്കിൽ മറ്റൊന്ന് ബുള്ളറ്റ് ഫ്രീകിക്ക് ഗോള്‍. ഇതോടെ ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ നേട്ടം 120 ആയി. ജോ കാൻസലോ, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റ് സ്കോറർമാർ.
കിക്കോഫായി എട്ടാം മിനുറ്റില്‍ ജോ കാന്‍സലോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചപ്പോള്‍ 47-ാം മിനുറ്റില്‍ ബെര്‍ണാഡോ സില്‍വ ലീഡ് രണ്ടായി ഉയര്‍ത്തി. ഇതിന് ശേഷമായിരുന്നു സിആര്‍7ന്റെ ഇരട്ട ഗോള്‍. 51-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ അനായാസം വല ചലിപ്പിച്ച ഇതിഹാസ താരം 63-ാം മിനുറ്റിലെ ഫ്രീകിക്കിലൂടെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ചു.