മുംബൈ: അടുത്ത മാസം പാക്കിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സെലക്ടർമാരും ക്യാപ്റ്റൻ രോഹിത് ശർമയുമായുള്ള നീണ്ട ചർച്ചകൾക്ക് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. ആരാധകരെ നിരാശരാക്കി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനേയും വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ച വച്ച കരുണ്‍ നായരേയും ടീമിൽ ഉൾപ്പെടുത്തിയില്ല. ഫാസ്റ്റ് ബൌളർ മുഹമ്മദ് സിറാജിനും ടീമിൽ ഇടം നേടാനായില്ല.
അതേസമയം പരിക്ക് മൂലം നീണ്ട നാൾ ടീമിന് പുറത്തായിരുന്ന ഷമി ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം നേടി. നടുവിന് പരിക്കേറ്റ ജസ്പ്രീത് ബുംമ്ര പരിക്ക് ഭേദമായി തിരിച്ചെത്തിയാൽ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ അറ്റാക്കിംഗ് ബൌളർമാർ ഒരുമിച്ച് പന്തെറിയുന്നത് ഇക്കുറി കാണാം. ഇന്ത്യൻ ടീമിൽ സ്ഥിരം അംഗമായ മുഹമ്മദ് സിറാജ് നിലവിൽ ടീമിൽ ഇല്ലെങ്കിലും ബുംമ്രയ്ക്ക് ഫിറ്റ്ന്സ് തെളിയിക്കാൻ സാധിക്കാത്ത പക്ഷം അദ്ദേഹം ടീമിലേക്ക് തിരികെ വിളിക്കാൻ സാധ്യതയുണ്ട്.
രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും അക്സർ പട്ടേലും ഓൾറൌണ്ടർമാരായി ടീമിൽ ഇടം നേടിയിട്ടുണ്ട്. വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ പ്രഖ്യാപിച്ചു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇതോടെ രോഹിത് വിരമിക്കുന്ന പക്ഷം ഇന്ത്യയുടെ ഭാവി നായകനായി ഗിൽ വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.
- രോഹിത് ശർമ (ക്യാപ്റ്റൻ)
- ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ)
- വിരാട് കോഹ്ലി
- ഹർദ്ദിക് പാണ്ഡ്യ
- കെ.എൽ രാഹുൽ (കീപ്പർ)
- ശ്രേയ്യസ് അയ്യർ
- അക്സർ പട്ടേൽ
- വാഷിംഗ്ടണ്‍ സുന്ദർ
- കുൽദീപ് യാദവ്
- ജസ്പ്രീത് ബുംമ്ര
- മുഹമ്മദ് ഷമി
- അർഷദീപ് സിംഗ്
- യശ്വസി ജയ്സ്വാൾ
- റിഷബ് പന്ത് (കീപ്പർ)
- രവീന്ദ്ര ജഡേജ