ദുബായിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 77% ക്രിമിനൽ കേസുകൾ കുറഞ്ഞതായി ദുബായ് പോലീസ് അറിയിച്ചു. കൂടാതെ ട്രാഫിക് സംബന്ധമായ മരണങ്ങളിലും കുറവ് സംഭവിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പോലീസ് നടത്തിയ കാര്യക്ഷമമായ ഇടപെടലുകളാണ് കുറ്റകൃത്യങ്ങളുടെ തോത് കുറയുന്നതിന് കാരണമായതെന്ന് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടത്തിയ പോലീസ് സ്റ്റേഷനുകളുടെ ആനുകാലിക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കണ്ടെത്തുകയും തടയുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ തോതിൽ വർധനവുണ്ടായിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് മേധാവി, പോലീസ് സ്റ്റേഷനുകളുടെ ഡയറക്ടർമാർ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.