കാൽപന്തുകളിയിലെ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ ഈയിടെ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ പറഞ്ഞൊരു കാര്യമാണിപ്പോൾ ആരാധകർ ഏറ്റുപറയുന്നത്.’ ഞാൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, പകരം റെക്കോർഡുകൾ എന്നെ പിന്തുടരുന്നു’. ഇപ്പോൾ പുതിയൊരു റെക്കോർഡ് തീർത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് റോണാൾഡോ. കളിക്കളത്തില്ല, ഹൃദയങ്ങളിലാണെന്ന് മാത്രം.
ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യ വ്യക്തിയായിരിക്കുകയാണ് ഈ പോർച്ചുഗീസ് സൂപ്പർതാരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോയുടെ ഫോളോവേഴ്സ് 500ൽ തൊട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം ആളുകളെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഇത് വിളിച്ചുപറയുന്നത്.
സോഷ്യൽ മീഡിയ വഴി വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരം കൂടിയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. 375 ദശലക്ഷം ഫോളോവേഴ്സുള്ള ലയണൽ മെസ്സിയാണ് ഈ പട്ടികയിലെ അടുത്ത സെലിബ്രിറ്റി.