അബുദാബി: മെൻസ് ടി 20 എമേർജിങ് ടീംസ് ഏഷ്യാ കപ്പിനുള്ള യുഎഇ ക്രിക്കറ്റ് ടീമിനെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് നയിക്കും.
കഴിഞ്ഞ ആറു വർഷമായി യുഎഇ ദേശീയ ക്രിക്കറ്റ് ടീമിൽ ഓൾ റൗണ്ടറായ ബാസിൽ മികച്ച ഫോമിലാണ് ഉള്ളത്. തുടർച്ചയായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഒടുവിൽ ടീമിൻ്റെ നായകപദവിയിലേക്കും ബാസിലിനെ എത്തിച്ചത്. യുഎഇ ടീമിൻെറ തലപ്പത്തെത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബാസിൽ. 2022 ൽ മധ്യനിര ബാറ്റ്സ്മാൻ ആയിരുന്ന തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങപ്പൊയിൽ സ്വദേശിയായ സിപി റിസ്വാനും ക്യാപ്റ്റൻ പദവി വഹിച്ചിരുന്നു.
100 രാജ്യാന്തര മത്സരം കളിച്ച ആദ്യ മലയാളി എന്ന റെക്കോർഡും ബാസിലിൻ്റെ പേരിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 1500 ലേറെ റൺസും 75 വിക്കറ്റും നേടിയ ആദ്യ മലയാളി കൂടിയാണ് ബാസിൽ ഹമീദ്. നാലുമാസം മുൻപാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ പദവിയിലേക്ക് ബാസിലെത്തിയത്.
എമർജിങ് ടീമിൽ ഇന്ത്യ എ, പാകിസ്ഥാൻ എ, ഒമാൻ എന്നീ ടീമുകളെയാണ് യുഎഇ നേരിടുന്നത്. മാതൃ രാജ്യത്തിനെതിരെ കളിക്കുക എന്ന വെല്ലുവിളി ഉണ്ടെങ്കിലും യുഎഇക്ക് വിജയം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ബാസിൽ പറയുന്നു.