സമുദ്ര സംരക്ഷണത്തിനായുള്ള ചരിത്ര ഉടമ്പടിയിൽ ഒപ്പ് വച്ച് ഇരുന്നൂറോളം രാജ്യങ്ങൾ. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് 38 മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തിയത്. കഴിഞ്ഞ 10 വർഷമായി ഇത് സംബന്ധിച്ച നയതന്ത്ര ചർച്ചകൾ നടന്ന് വരികയാണ്. 2030 ഓടെ സമുദ്രത്തിന്റെ 30 ശതമാനത്തോളം ഭാഗവും സംരക്ഷിത പ്രദേശങ്ങളാക്കി മാറ്റുമെന്നതാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ.
അതേസമയം മത്സ്യബന്ധന അവകാശവും സമുദ്ര സംരക്ഷണത്തിനുള്ള സാമ്പത്തിക വിഹിതവും സംബന്ധിച്ചുള്ള തർക്കങ്ങളാണ് ചർച്ച നീളാനിടയാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 40 വർഷം മുൻപ് ഒപ്പുവെച്ച സമുദ്ര സംരക്ഷണ അന്താരാഷ്ട്ര കരാറാണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നതെന്നും യുഎൻ കൂട്ടിച്ചേർത്തു. സമുദ്ര ജീവികളുടെ പത്തുശതമാനവും കാലാവസ്ഥ വ്യതിയാനം, അമിത മത്സ്യബന്ധനം, കപ്പൽ ഗതാഗതം, ആഴക്കടൽ ഖനനം എന്നിങ്ങനെയുള്ള കാരണങ്ങളാൽ വംശനാശ ഭീഷണി നേരിടുന്നതായാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ പുതിയ ഉടമ്പടി പ്രകാരം സമുദ്രങ്ങളുടെ സംരക്ഷിത പ്രദേശങ്ങളിൽ നടക്കുന്ന ആഴക്കടൽ ഖനനം, എത്രത്തോളം മീൻപിടിക്കാം, കപ്പൽ ഗതാഗതത്തിനുള്ള പാത എന്നിവയിൽ നിയന്ത്രണമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഉടമ്പടി നടപ്പിലാക്കുന്നതോടെ ആഴക്കടലിൽ നടക്കുന്ന ഏത് പ്രവർത്തനവും ഇനി പരിസ്ഥിതിക നിയന്ത്രണങ്ങൾക്കും മേൽനോട്ടങ്ങൾക്കും വിധേയമായിരിക്കുമെന്ന് ലൈസൻസിങ്ങിന് മേൽനോട്ടം വഹിക്കുന്ന ഇന്റർനാഷനൽ സീബെഡ് അതോറിറ്റി അറിയിച്ചു.