അവധിക്ക് അപേക്ഷിക്കുമ്പോൾ എല്ലാവരും കൃത്യമായ കാരണങ്ങൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു കാര്യം സൂചിപ്പിച്ചുകൊണ്ട് നൽകിയ ഒരു പോലീസുകാരന്റെ അവധി അപേക്ഷയാണ് ഇപ്പോൾ വൈറലാവുന്നത്. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതൻവ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന ഒരു കോൺസ്റ്റബിളിൻ്റെ കത്താണ് സോഷ്യൽ മീഡിയയിൽ കൗതുകവും ഒപ്പം ചിരിയും പടർത്തുന്നത്.
ഭാര്യ ദേഷ്യത്തിലാണ്, ഫോൺ എടുക്കുന്നില്ല, അവധി നൽകണം എന്നാണ് ഇയാളുടെ ആവശ്യം. കഴിഞ്ഞ മാസമായിരുന്നു ഈ കോൺസ്റ്റബിൾ വിവാഹിതനായത്. മൗ ജില്ലയിലെ താമസക്കാരനും ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പിആർബിയിൽ നിയമിതനുമാണ് ഈ പൊലീസുകാരൻ. ലീവ് കിട്ടാത്തതിനാൽ ദേഷ്യപ്പെട്ട ഭാര്യ ഇദ്ദേഹത്തോട് സംസാരിക്കുന്നില്ല. പലതവണ വിളിച്ചെങ്കിലും ഭാര്യ ഫോൺ അമ്മയ്ക്ക് കൈമാറി എന്നുമാണ് അദ്ദേഹം അപേക്ഷയിൽ പറയുന്നത്.
സഹോദരപുത്രന്റെ ജന്മദിനത്തിന് വീട്ടിലേക്ക് വരാമെന്ന് ഭാര്യക്ക് വാക്ക് നൽകി. എന്നാൽ ലീവ് ലഭിക്കാതെ പോകാൻ കഴിയില്ല എന്ന സ്ഥിതി വന്നു. അപേക്ഷ പരിഗണിച്ച് ലീവ് അനുവദിക്കണമെന്നും പൊലീസുകാരൻ കത്തിൽ അപേക്ഷിക്കുന്നു.അങ്ങനെ അപേക്ഷ വായിച്ച അസിസ്റ്റന്റ് സൂപ്രണ്ട് (എഎസ്പി) കോൺസ്റ്റബിളിന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കുകയും ചെയ്തു.