തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളമാക്കണമെന്ന ഹൈബി ഈഡന് എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. എം.പി ശശി തരൂര്‍, കെ മുരളീധരന് എം.പി, പ്രതിപക്ഷ നേതാവ് വിഡി സതീശന് തുടങ്ങിയ പ്രധാനപ്പെട്ട നേതാക്കള്‍ ഇതിനെ എതിര്‍ത്തു.
ഹൈബി ഈഡന് ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും അദ്ദേഹം ഇക്കാര്യത്തില്‍ രാഷ്ട്രീയ ബുദ്ധി കാണിച്ചില്ലെന്നും തരൂര്‍ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസില്‍ ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ല. ഹൈബിയുടെ ലോജിക്ക് ഇതാണെങ്കില്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം ഡല്ഹിക്ക്പകരം നാഗ്പൂര്‍ അല്ലേ അവേണ്ടത്. ചരിത്രം ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ചാണ് ഒരു സ്ഥലത്തെ തലസ്ഥാനമാക്കി പരിഗണിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയോട് ആലോചിക്കാതെ സ്വകാര്യ ബില്‍ അവതരിപ്പിച്ചതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന് അറിയിച്ചു. ഹൈബിയുടേത് സ്വകാര്യ ബില്‍ ആണെന്നും അത് കോണ്‍ഗ്രസ് നിലപാട് അല്ലെന്നും ബില്‍ പിന്‍വലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഡി സതീശന് അറിയിച്ചു.
പാര്‍ട്ടിയോട് ചോദിക്കാതെ ഹൈബി ഈഡന് ബില്‍ അവതരിപ്പിച്ചത് തെറ്റായിപോയെന്ന് കെ മുരളീധരനും പറഞ്ഞു. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍ എന്താവും സ്ഥിതിയെന്നും മുരളീധരന് ചോദിച്ചു.
ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ ആണ് ഹൈബി ഈഡന് ഈ ആവശ്യം മുന്നോട്ട് വെച്ചത്. മാര്‍ച്ച് 23നാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഇതില്‍ കേരളത്തിന്റെ അഭിപ്രായം തേടി മാര്‍ച്ച് 31ന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഈ ഫയലില്‍ ഹൈബി ഈഡന്റെ ആവശ്യം തള്ളുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തുകയായിരുന്നു.