പട്ന: അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഒന്നിച്ചു നീങ്ങാൻ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ധാരണ. ബിഹാറിലെ പട്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഒന്നിച്ചു നീങ്ങാനുള്ള ധാരണയുണ്ടായത്. ജൂലൈ രണ്ടാം വാരം ഹിമാചൽ പ്രദേശിലെ ഷിംലയിൽ വച്ച് പ്രതിപക്ഷ കക്ഷി നേതാക്കളുടെ അടുത്ത യോഗം ചേരും. ഈ യോഗത്തിലാവും പൊതുതെരഞ്ഞെടുപ്പിലെ നിലപാടും സഖ്യസാധ്യതകളും സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാവുക.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, എൻസിപി, ശിവസേന ഉദ്ധവ് താക്കറേ വിഭാഗം,ജെഡിയു, ആർജെഡി , നാഷണൽ കോൺഫറൻസ്, ഡിഎംകെ, സിപിഎം, പിഡിപിയടക്കം പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ചേർന്ന യോഗത്തിൽ പങ്കെടുത്ത ആം ആദ്മി പാർട്ടി യോഗത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെതിരെ രംഗത്ത് എത്തിയത് വിമർശനത്തിന് കാരണമായി.
ഡൽഹി ഓർഡിനൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കാതെ പ്രതിപക്ഷ സഖ്യത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലെ ഓർഡിനൻസുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും തമ്മിൽ വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ട്.
ഇന്ന് ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ഓർഡിനൻസ് വിഷയം ആം ആദ്മി ഉന്നയിച്ചിരുന്നു. യോഗത്തിൽ തങ്ങളെ എതിർക്കുന്ന കോണ്‍ഗ്രസിൻ്റെ പിന്തുണ ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കോണ്‍ഗ്രസ് ഒഴികെ യോഗത്തിൽ പങ്കെടുത്ത മറ്റു പാർട്ടികളെല്ലാം ഓർഡിനൻസ് വിവാദത്തിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ ചൊല്ലി കോണ്‍ഗ്രസ് – ആം ആദ്മി നേതാക്കൾ തമ്മിൽ യോഗത്തിൽ വാക്ക് തർക്കമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
അരവിന്ദ് കെജ്രിവാളും ഭഗവന്ത് മന്നുമാണ് യോഗത്തിൽ ആം ആദ്മിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. യോഗത്തിന് ശേഷം നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ എന്നാൽ ഇവർ രണ്ട് പേരും പങ്കെടുത്തില്ല. പിന്നാലെയാണ് ദില്ലിയിലെ ആം ആദ്മി ആസ്ഥാനത്ത് നിന്നുമുള്ള പ്രസ്താവന പുറത്ത് വന്നത്.
ഓർഡിനൻസ് പോലുള്ള പ്രധാന വിഷയത്തിൽ ഒരുമിച്ച് നിൽക്കാൻ കോണ്‍ഗ്രസ് മടിക്കുകയാണെന്നും ഇത് കോണ്‍ഗ്രസ് ഉൾപ്പെട്ട സഖ്യത്തിൻ്റെ ഭാഗമാകാൻ തടസ്സം സൃഷ്ടിക്കുന്നുവെന്നും ആം ആദ്മി പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.