കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഇന്നും യോഗം ചേരും. ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ സിദ്ധരാമയ്യയും ശിവകുമാറും പങ്കെടുക്കും. മുഖ്യമന്ത്രി പദം പങ്കിടണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകണമെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയത്.
ഹൈക്കമാന്‍ഡ് യോഗത്തില്‍ ഇക്കാര്യം ഇരുവരെയും ഔദ്യോഗികമായി അറിയിക്കും. സത്യപ്രതിജ്ഞാ തീയതിയും യോഗം തീരുമാനിക്കും. എന്നാല്‍ മുഖ്യമന്ത്രി പദം പങ്കിടുന്നതിനോട് ഡികെ ശിവകുമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഉപമുഖ്യമന്ത്രി പദവും പങ്കിടില്ലെന്നാണ് ഡി കെ ശിവകുമാറിന്റെ നിലപാട്.
ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകള്‍ക്കും പുറമെ ശിവകുമാര്‍ നിര്‍ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താമെന്നാണ് നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഡികെ ശിവകുമാര്‍ ഇതിനോട് അനുകൂലമായല്ലപ്രതികരിച്ചത്. രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.
ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നും ഭൂരിപക്ഷ പിന്തുണ പരിഗണിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തണമെന്നുമാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്.