തെരഞ്ഞെടുപ്പ് ചൂടിനിടെ ചൂട് ദോശയുണ്ടാക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മൈസൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയ പ്രിയങ്ക ഗാന്ധി ഹോട്ടലിന്റെ അടുക്കളയിൽ കയറി ദോശ ചുടുകയായിരുന്നു. മൈസൂരിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലുകളിലൊന്നായ മൈലാരി ഹോട്ടലിലായിരുന്നു പ്രിയങ്ക ഗാന്ധി ഭക്ഷണം കഴിക്കാനെത്തിയത്.
“ഇന്ന് രാവിലെ പൗരാണിക ഹോട്ടലുകളിലൊന്നായ മൈലാരിയിലെ ഹോട്ടലുടമകൾക്കൊപ്പം ദോശ ചുട്ടു.സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും സംരഭത്തിന്റെയും ഉജ്വല ഉദാഹരണം. നിങ്ങളുടെ മാന്യമായ ആതിഥ്യത്തിന് നന്ദി. ദോശ വളരെ രുചികരമായിരുന്നു”- പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഹോട്ടൽ ജീവനക്കാരുമായി സംഭാഷണത്തിലേർപ്പെടുകയും ഹോട്ടലുടമയ്ക്കും കുടുംബത്തിനുമൊപ്പം സെൽഫി എടുക്കുകയും ചെയ്ത ശേഷമാണ് പ്രിയങ്ക മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ കോൺഗ്രസിന്റെ ഔദ്യോഗിക പേജും പങ്കുവച്ചു. ഇതിനോടകം തന്നെ നിരവധി ആളുകളാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് പ്രിയങ്ക മൈസൂരിലെത്തിയത്. മെയ് 1O നാണ് തെരഞ്ഞെടുപ്പ്. മെയ് 13 ന് വോട്ടെണ്ണും.