മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനർത്ഥി പ്രഖ്യാപനത്തിൽ അവസാന വട്ട ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ് നേതൃത്വം. മുൻ നിലമ്പൂർ എംഎൽഎ പി.വി അൻവറുമായി അനില്‍കുമാര്‍ എംഎല്‍എ ഇന്ന് ചര്‍ച്ച നടത്തി. നിലമ്പൂരിൽ വിജയസാധ്യത വി.എസ് ജോയിക്കാണ് എന്നാണ് ചർച്ചയിൽ അൻവർ സ്വീകരിച്ച നിലപാട്.
അതേസമയം നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ക്യാംപ് പ്രചാരണം തുടങ്ങിയത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്നോട്ട് പോകാൻ ജോയിയും ഷൗക്കത്തും തയ്യാറല്ല എന്നത് വിഷയം കൂടുതൽ സങ്കീർണമാക്കുന്നു. എംഎൽഎ സ്ഥാനം രാജിവച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ജോയ് ആകണമെന്ന അഭ്യര്‍ത്ഥന പിവി അൻവര്‍ മുന്നോട്ട് വച്ചിരുന്നു. ഈ നിലപാടിൽ അൻവർ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്.
ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ആര്യാടൻ ഷൗക്കത്ത് ഒതായിയിലെ വീട്ടിലെത്തി പിവി അൻവറിനെ കണ്ടിരുന്നു. തൻ്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കരുതെന്ന് അൻവറിനോട് ഷൌക്കത്ത് ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാൽ ആ ആവശ്യം അൻവർ തള്ളിയയതായും സൂചനയുണ്ട്. അൻവറിൻ്റെ അഭിപ്രായമടക്കം എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥിയ കോൺഗ്രസ് തീരുമാനിക്കുകയെന്ന് എപി അനില്‍ കുമാര്‍ പറഞ്ഞു.
മുൻ ഉപതെരെഞ്ഞെടുപ്പുകളിലെന്നപോലെ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ആര്യാടൻ ഷൗക്കത്തും വിഎസ് ജോയിയും സീറ്റിനായി വലിയ സമ്മര്‍ദ്ദമാണ് നേതൃത്വത്തിനുണ്ടാക്കുന്നത്. ഇരുവരും കഴിയാവുന്നത്ര കോൺഗ്രസ് നേതാക്കളെക്കൊണ്ടും ഘടക ക്ഷി നേതാക്കളെക്കൊണ്ടും കോൺഗ്രസ് നേതാക്കളെ വിളിപ്പിക്കുന്നുണ്ട്. ആരെ തള്ളണം ആരെ തുണക്കണം എന്നറിയാതെ വലയുകയാണ് കോൺഗ്രസ് നേതൃത്വം.